യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന ആവശ്യം ശക്തം, അമേരിക്ക മുതല്‍ ബ്രിട്ടണ്‍വരെ ഒപ്പം

ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന ആവശ്യമുന്നയിച്ച് ലോകരാജ്യങ്ങളിലെ നേതാക്കള്‍ ശബ്ദമുയര്‍ത്തുന്നു. മുമ്പ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമായി ഇന്ത്യയെ ഉള്‍പ്പെടുത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യമുന്നയിച്ചിരുന്നു. ഇന്ത്യയെ ഉള്‍പ്പെടുത്തി രക്ഷാസമിതി വിപുലീകരിക്കുന്നതിനെ ഫ്രാന്‍സ് എല്ലാക്കാലത്തും പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നാലെ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയ്ക്ക് രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടു.

യുഎന്‍ ജനറല്‍ അസംബ്ലിയുടെ 79-ാമത് സെഷനില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു യുകെ പ്രധാനമന്ത്രി ഇന്ത്യക്കായി ശബ്ദിച്ചത്. രാഷ്ട്രീയം സ്വാധീനിക്കാത്തതും കൂടുതല്‍ അംഗങ്ങളുടെ പ്രാതിനിധ്യമുള്ളതുമായ ഒരു ബോഡിയായി രക്ഷാസമിതി മാറേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ പരിശ്രമത്തിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കൈകൊടുത്തിരുന്നു. സെപ്തംബര്‍ 21 ന് ഡെലവെയറിലെ വില്‍മിംഗ്ടണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു ജോ ബൈഡന്റെ ഇന്ത്യയെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയത്.

യുഎന്‍ രക്ഷാസമിതിയില്‍ ഇപ്പോഴുള്ളത് അഞ്ച് സ്ഥിരാംഗങ്ങളും 10 സ്ഥിരമല്ലാത്ത അംഗങ്ങളുമാണ്. റഷ്യ, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളാണ് സ്ഥിരാംഗങ്ങള്‍. സ്ഥിരാംഗത്വമുള്ള നാല് രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയം.

Also Read

More Stories from this section

family-dental
witywide