വാതുവയ്പ്പ് കേസിൽ ശ്രീശാന്ത് രക്ഷപ്പെടാൻ ഒരേ ഒരു കാരണം, ചുണ്ടികാട്ടി ദില്ലി പൊലീസ് മുൻ കമ്മീഷണർ

ദില്ലി: ഐ പി എൽ വാതുവയ്പ്പ് കേസിൽ മലയാളിയായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് രക്ഷപ്പെട്ടതിന്‍റെ കാരണം വിവരിച്ച് ദില്ലി പൊലീസ് മുൻ കമ്മിഷണർ നീരജ് കുമാർ രംഗത്ത്. നിയമത്തിന്റെ അഭാവം കാരണമാണ് കേസിൽ നിന്നും ശ്രീശാന്ത് രക്ഷപ്പെട്ടതെന്നാണ് നീരജ് കുമാർ പറയുന്നത്. നീരജ് കുമാർ ദില്ലി പൊലീസ് കമ്മിഷണറായിരിക്കെയാണ് ശ്രീശാന്തിനെയും സഹതാരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാൻ എന്നിവരെയും അറസ്റ്റ് ചെയ്തത്. ശക്തമായ തെളിവുകൾ ഉണ്ടായിട്ടും ശ്രീശാന്ത് രക്ഷപ്പെടാൻ കാരണം കായിക രംഗത്ത് അഴിമതിക്കെതിരെ നിയമമില്ലാത്തത് കൊണ്ട് മാത്രമാണെന്നാണ് നീരജ് കുമാർ വ്യക്തമാക്കിയത്. ഇന്നും അതിന് വലിയ മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ക്രിക്കറ്റ് രംഗത്തെ അഴിമതി ആരും ഗൗരവമായി നോക്കിക്കാണുന്നില്ല. ഒരു നിയമവും ഇതിനെതിരെ ഇല്ല. ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും നിയമമുണ്ട്. എന്തിന് സിംബാവെയ്ക്ക് പോലും പ്രത്യേക നിയമമുണ്ടെന്ന് നീരജ് കുമാർ ചൂണ്ടികാട്ടി. 2013 മേയ് 16 നാണ് രാജസ്ഥാൻ റോയൽസ് ടീമംഗങ്ങളായിരുന്ന അജിത് ചാന്ദില,അങ്കിത് ചവാൻ എന്നിവർക്കൊപ്പം സ്‌പോട്ട്ഫിക്സിംഗ് കേസിൽ ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുന്നത്. ഗുരുതരമായ ചാർജുകളായിരുന്നു കുറ്റപത്രത്തിലുണ്ടായിരുന്നത്. സുപ്രീം കോടതിയിലെ നിയമപോരാട്ടത്തിനൊടുവിൽ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കുന്നു.

There is no Law in India to Deal With Corruption in Cricket says Former Delhi Police Commissioner Neeraj Kumar