നവകേരള ബസ്സിന്റെ വാതിലിന് ഒരു കുഴപ്പവുമില്ല, ആരോ സ്വിച്ച് അമര്‍ത്തിയതാണെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: നവകേരള ബസ്സിന്റെ വാതിലിന് തകരാറൊന്നും സംഭവിച്ചിട്ടില്ലെന്നും ബസ്സിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ അമര്‍ത്തിയതാണെന്നും ഗതാഗത മന്ത്രിയുടെ ഓഫീസ്. സ്വിച്ച് അമർത്തിയതോടെ ഡോറിന്റെ ഫങ്ഷന്‍ മാറിയതാണെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

ഡ്രൈവര്‍മാരുടെ പരിചയക്കുറവാണ് പ്രശ്‌നം പരിഹരിക്കാന്‍ തടസമായത്. ബസിന്റെ ഡോറിന് ഇതുവരെ യാതൊരു തകരാറും ഉണ്ടായിട്ടില്ലെന്നും പറയുന്നു. കോഴിക്കോട്ടു നിന്ന് ആദ്യ സര്‍വീസ് ആരംഭിച്ച് കുറച്ചുസമയത്തിനകമാണ് വാതിലിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നം നേരിട്ടത്. വാതിലിന് തകരാര്‍ സംഭവിച്ചതാണെന്ന് കരുതി നവകേരള ബസ് ഗ്യാരേജില്‍ കയറ്റി പ്രശ്നം പരിഹരിക്കുകയും ചെയ്തു. ബത്തേരി ഗ്യാരേജിലാണ് ബസ് കയറ്റിയത്. പ്രശ്നം പരിഹരിച്ചതിന് ശേഷം യാത്ര തുടര്‍ന്നു. കോഴിക്കോട് നിന്നാണ് ബസ്സിന്റെ ആദ്യ സര്‍വീസ് ആരംഭിച്ചത്.

അതേസയമയം, ബസ്സിന്റെ ആദ്യ സർവീസ് വിജയകരമായി. മുഴുവൻ സീറ്റിൽ ആളുകളെയുമായി ഉച്ചയ്ക്ക് ഒരു മണിയോടെ ബസ് ബെംഗളൂരുവിലെത്തി.