
ന്യൂഡല്‍ഹി: പൗരത്വ നിയമ വ്യവസ്ഥകള്‍ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതിനു പിന്നാലെ, അതിന് വ്യക്തതയില്ലെന്നും പൗരത്വത്തിന് അപേക്ഷിക്കരുതെന്നും സംസ്ഥാനത്തെ ജനങ്ങളോട് മമതാ ബാനര്‍ജി. പൗരത്വത്തിന് അപേക്ഷിച്ചാല്‍ അത് ജനങ്ങളെ അഭയാര്‍ത്ഥികളും നുഴഞ്ഞുകയറ്റക്കാരും എന്ന് അടയാളപ്പെടുത്തുകയും അവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ നഷ്ടപ്പെടുകയും ചെയ്യുമെന്നും മമത വ്യക്തമാക്കി.
സംസ്ഥാനത്തെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഹബ്രയില്‍ ഒരു ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മമതയുടെ വാക്കുകള്‍ എത്തിയത്.
സിഎഎയെ ദേശീയ പൗരത്വ രജിസ്റ്ററുമായി (എന്‍ആര്‍സി) ബന്ധിപ്പിച്ചിട്ടുണ്ടെന്നും ‘ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ ചതിയില്‍ വീഴരുതെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പൗരത്വത്തിന് നിങ്ങള്‍ അപേക്ഷിച്ചാല്‍ പൗരന്മാരാണെങ്കിലും നിങ്ങളെ അഭയാര്‍ത്ഥികളായി അടയാളപ്പെടുത്തും. അപേക്ഷിച്ചാല്‍ ഇത്തരക്കാര്‍ നുഴഞ്ഞുകയറ്റക്കാരായി മാറും. ഇത് അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന കളിയാണ്. അപേക്ഷിച്ചാല്‍ പൗരത്വം ലഭിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. നിങ്ങളുടെ സ്വത്ത് നഷ്ടപ്പെടും. നിങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ നഷ്ടപ്പെടും. തെരഞ്ഞെടുപ്പിന് മുമ്പുള്ള ബിജെപിയുടെ പദ്ധതിയാണിത്. നിങ്ങള്‍ അപേക്ഷിച്ചാല്‍ എല്ലാ പൗരാവകാശങ്ങളും എടുത്തുകളയും. ഇതിനായി അപേക്ഷിക്കുന്നതിന് മുമ്പ് ആയിരം തവണ ചിന്തിക്കുക എന്നാണ് പശ്ചിമ ബംഗാളിലെ ജനങ്ങളോട് മമത പറഞ്ഞത്.
പശ്ചിമ ബംഗാളില്‍ സിഎഎ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ മമത, തന്റെ സംസ്ഥാനത്ത് ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അതിനായി, തന്റെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നാല്‍, അതും ചെയ്യുമെന്നും വ്യക്തമാക്കി.
Think a thousand times before applying for citizenship, it will make you a refugee’: Mamata