
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗില്‍ നേരിയ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ആകെ 64.4 ശതമാനമാണ് മൂന്നാംഘട്ട പോളിംഗില്‍ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 67.4 ശതമാനമായിരുന്നു പോളിംഗ്.
അസം 75.53, ബിഹാര്‍ 56.55, ഛത്തീസ്ഗഢ് 67.49, ഗോവ 74.47, ഗുജറാത്ത് 56.98, കര്‍ണാടക 68.85, മധ്യപ്രദേശ് 64.02, മഹാരാഷ്ട്ര 55.54, ഉത്തര്‍പ്രദേശ് 57.34, പശ്ചിമബംഗാള്‍ 73.93, കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി, ദാമന്‍ ആന്‍ഡ് ദിയു 65.23 എന്നിങ്ങനെയാണ് ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരമുള്ള പോളിങ് ശതമാനം.
ഇന്നലത്തെ തിരഞ്ഞെടുപ്പോടെ 543 പാര്‍ലമെന്റ് സീറ്റുകളില്‍ പകുതിയിലധികവും വിധി എഴുതിക്കഴിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയും മറ്റ് മത്സരാര്‍ത്ഥികള്‍ സ്ഥാനമൊഴിയുകയും ചെയ്തതിനാല്‍ സൂറത്ത് സീറ്റില്‍ ബിജെപി എതിരില്ലാതെ വിജയിച്ചു. ബിജെപി ശക്തികേന്ദ്രമായ പ്രദേശങ്ങളിലായിരുന്നു മൂന്നാംഘട്ട തിരഞ്ഞെടുപ്പ്. 2019 ല്‍, ഇന്ന് വോട്ടെടുപ്പ് നടന്ന 92 സീറ്റുകളില്‍ 72 എണ്ണവും പാര്‍ട്ടി നേടിയിരുന്നു. അതില്‍ 26 എണ്ണം ഗുജറാത്തില്‍ മാത്രമാണ് എന്നതും ശ്രദ്ധേയം.
മൂന്നാം ഘട്ടത്തില്‍ 120 വനിതകള്‍ ഉള്‍പ്പെടെ 1300 ലധികം സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.















