
ബ്രസ്സല്‍സ്: ഇക്കഴിഞ്ഞ ജൂണ്‍ മാസമാണ് രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചൂടേറിയ ജൂണ്‍ എന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സേവനം (C3S) പ്രതിമാസ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ 13 മാസമായി അസാധാരണമായ താപനിലയുടെ ഒരു നിരയാണ് കാണാനായതെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലെ ഇതേ മാസങ്ങളെ അപേക്ഷിച്ച് 2023 ജൂണ്‍ മുതല്‍ എല്ലാ മാസവും തുടര്‍ച്ചയായി റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് താപനില നീങ്ങുന്നത്. കൂടാതെ, 2024 ആണ് ലോകത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായി മാറുന്നതെന്നും വിലയിരുത്തലുണ്ട്.
മനുഷ്യനുണ്ടാക്കിയ കാലാവസ്ഥാ വ്യതിയാനത്തിനും എല്‍ നിനോ പ്രകൃതിദത്ത കാലാവസ്ഥാ പ്രതിഭാസത്തിനും ശേഷമുള്ള റെക്കോര്‍ഡുകള്‍ പ്രകാരം, ഏറ്റവും ചൂടേറിയ വര്‍ഷമായി 2024 മാറുമെന്നും , 2023 നെ മറികടക്കുമെന്നും ഏറ്റവും പുതിയ ഡാറ്റ സൂചിപ്പിക്കുന്നു.’1800-കളുടെ മധ്യത്തില്‍ ആഗോള ഉപരിതല താപനില റെക്കോര്‍ഡുകള്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ചൂടേറിയ വര്‍ഷമാകാന്‍ 2024 തയ്യാറെടുക്കുകയാണ്.
കഴിഞ്ഞ മാസം ഹജ്ജ് തീര്‍ഥാടനത്തിനിടെ 1000-ലധികം പേരാണ് കടുത്ത ചൂടില്‍ മരിച്ചത്. ഉഷ്ണ തരംഗം രൂക്ഷമായ ഡല്‍ഹിയിലും നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കിഴക്കന്‍ പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തെ ചൂടാക്കുന്ന പ്രകൃതിദത്ത എല്‍ നിനോ പ്രതിഭാസം ആഗോള ശരാശരി താപനില ഉയര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍, ഇതിനു പുറമെ, ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതില്‍ നിന്നുള്ള ഹരിതഗൃഹ വാതക ഉദ്വമനമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണം. ആഗോളതാപനം തടയുമെന്ന വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നിട്ടും, ഈ ഉദ്വമനം കുറയ്ക്കുന്നതില്‍ രാജ്യങ്ങള്‍ പരാജയപ്പെട്ടുവെന്നും പതിറ്റാണ്ടുകളായി താപനില ക്രമാനുഗതമായി ഉയരുകയാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.