
കൊച്ചി∙ ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിഅശമന്നൂർ നൂലേലി മുടശേരി സവാദ് (38) കണ്ണൂരിൽ പിടിയിൽ. 13 വർഷത്തിനു ശേഷം ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) സവാദിനെ പിടികൂടിയത്.
മുഖ്യപ്രതി പിടിയിലായതിനെ പൗരൻ എന്ന നിലയിൽ നിയമവ്യവസ്ഥയുടെ വിജയമായി കാണുന്നുവെന്ന് പ്രഫ.ടി.ജെ. ജോസഫ് പ്രതികരിച്ചു. ഇരയെന്ന നിലയിൽ തനിക്ക് ഇതിൽ പ്രത്യേകിച്ച് ഒരു ഭാവവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
11 പ്രതികളുള്ള കേസിലെ ഒന്നാം പ്രതിയാണ് പോപുലർ ഫ്രണ്ട് മുൻ പ്രവർത്തകനും എറണാകുളം ഓടക്കാലി സ്വദേശിയുമായ സവാദ്. സംഭവം നടന്നതു മുതൽ ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ വർഷം, സവാദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക 10 ലക്ഷമാക്കി ഉയർത്തിയത്. 54 പ്രതികളുള്ള കേസിൽ മറ്റുപ്രതികളുടെ വിചാരണ പൂർത്തിയാക്കി. ഒന്നാംഘട്ടത്തിൽ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വിട്ടയച്ചിരുന്നു.
കേസിലെ കൂട്ടുപ്രതികളുമായും സംഭവത്തിനു ശേഷം സവാദ് ബന്ധപ്പെട്ടിരുന്നില്ല. കേസിൽ കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം നടത്തിയ ആദ്യഘട്ടത്തിൽ സവാദിനെ ബെംഗളൂരുവിൽ നിന്നു കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച സ്ഥിരീകരണം പിന്നീടുണ്ടായില്ല.












