
പത്തനംതിട്ട: കേരളത്തിന്‍റെ മുൻ ധനകാര്യമന്ത്രിയും മുതിർന്ന നേതാവുമായ ഡോ. തോമസ് ഐസക്കിനെ പത്തനംതിട്ടയിൽ പോരാട്ടത്തിനിറക്കുമ്പോൾ വമ്പൻ ജയത്തിൽ കുറഞ്ഞതൊന്നും സി പി എം ലക്ഷ്യമിടുന്നില്ല. ഐസക്കിനെ പോലൊരെ നേതാവിന്‍റെ പകിട്ടിൽ പത്തനംതിട്ട കൂടെപോരുമെന്നാണ് സിപിഎം ണക്കുകൂട്ടുന്നത്. യു ഡു എഫിന്‍റെ ഉറച്ച കോട്ടകളിലൊന്നായ പത്തനംതിട്ട ഐസക്കിന്‍റെ ജനകീയ പ്രതിച്ഛായയിലൂടെ തകർക്കാമെന്നാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം.
ഐസക്കിന്‍റെ പ്രതിച്ഛായ വലിയ രീതിയിൽ പ്രചരണ രംഗത്തും ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ് എൽ ഡി എഫ്. ആദ്യം പ്രത്യക്ഷപ്പെട്ട ബോർഡുകൾ തന്നെ ഇതിന് ഉദാഹരണമാണ്. തോമസ് ഐസക്കിനെ പത്തനംതിട്ടയിലേക്ക് സ്വാഗതം ചെയ്ത് എൽ ഡി എഫ് സ്ഥാപിച്ച ഫ്ലക്സ് ബോർഡിലെ വിശേഷണം ഇതിനകം വൈറലായിട്ടുണ്ട്. ‘ഇന്ത്യയുടെ ഭാവി ധനമന്ത്രിയാകാൻ കെൽപ്പുള്ള തോമസ് ഐസക്ക് എന്നാണ് ബോർഡിലെ വിശേഷണം.
ഫ്ലക്സുകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിലെ ഐസക്കിന്‍റെ കന്നിപോരാട്ടം എന്തായാലും ഇതിനകം ഹിറ്റായിട്ടുണ്ട്. ആലപ്പുഴയിലെ സി പി എമ്മിന്‍റെ പ്രമുഖ നേതാവായ ഐസക്ക് 2001 ലും 2006 ലും മാരാരിക്കുളം മണ്ഡലത്തിലും 2011 ലും 2016 ലും ആലപ്പുഴ മണ്ഡലത്തിലും വിജയ ചെങ്കൊടി പാറിച്ചിട്ടുണ്ട്. 2006 ൽ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിലും 2016 ൽ ഒന്നാം പിണറായി സർക്കാരിലും ധന മന്ത്രിയായും പ്രവർത്തിച്ചിട്ടുള്ള ഐസക്ക് രാജ്യത്ത് തന്നെ അറിയപ്പെടുന്ന ധനകാര്യവിദഗ്ദനാണ്.
പത്തനംതിട്ട മണ്ഡലം രൂപീകരിച്ചത് മുതൽ യു ഡി എഫ് കോട്ടയായി നിലനിർത്തുന്ന ആന്‍റോ ആന്‍റണിയാണ് ഐസക്കിന്‍റെ എതിരാളി. ഏഴ് നിയമസഭാ മണ്ഡലങ്ങളും കൈയ്യിലുള്ള എൽ ഡി എഫ് തലയെടുപ്പുള്ള നേതാവിലൂടെ അട്ടിമറി ജയം ഉറപ്പിക്കുകയാണ്. എന്നാൽ കിഫ്ബിയിലെ ഇ ഡി. അന്വേഷണം എതിരാളികൾ പ്രചാരണായുധമാക്കുമെന്ന് ഐസക്കിന് ഉറപ്പാണ്. കിഫ്ബിയാണ് തന്‍റെ ഹീറോ എന്ന് ആദ്യമെ മറുതന്ത്രം ഇറക്കിയാണ് ഐസക് മണ്ഡലത്തിൽ നിറയുന്നത്.
Thomas Isaac flex board viral in social media pathanamthitta election 2024 latest news