
കൊച്ചി: രാഷ്ട്രീയ പ്രതിയോഗികളെ പ്രതിരോധത്തിലാക്കാന്‍ ഇഡിയെപോലുള്ള ഏജന്‍സികളെ പ്രധാനമന്ത്രി ഉപയോഗിക്കുകയാണെന്ന് മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്. ഒരു ബിജെപി പ്രവര്‍ത്തകന് നേരെയും ഇഡി അന്വേഷണമുണ്ടാകുന്നില്ല എന്നത് തന്നെയാണ് അതിനുള്ള ഏറ്റവും വലിയ തെളിവെന്നും ഇത്തരം കേസുകളുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ അതോടെ കേസ് അവസാനിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
കിഫ്ബി മസാല ബോണ്ട് കേസില്‍ വീണ്ടും ഇഡിയുടെ സമന്‍സ് വന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്. ഈ മാസം 12ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സമന്‍സ്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമയവും സൗകര്യവും നോക്കിയതിന് ശേഷമായിരിക്കും പോകുന്നതില്‍ തീരുമാനമെടുക്കുക. ഈ മാസം 21 വരെ മൈഗ്രെഷന്‍ കോണ്‍ക്ലേവ് നടക്കുകയാണ്. അതിന്റെ തിരക്കുകളുണ്ട്. ഒരു ദിവസമൊന്നും മാറി നില്‍ക്കാന്‍ സാധിക്കില്ല. അതെല്ലാം കണക്കിലെടുത്ത ശേഷമായിരിക്കും പോകുന്നതില്‍ തീരുമാനമെടുക്കുക.
പോകുന്നതില്‍ തനിക്ക് മടിയില്ല. എന്നാല്‍ പേടിപ്പിക്കാന്‍ നോക്കരുത്, പേടിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ രാഷ്ട്രീയപരമായ നീക്കത്തിന്റെ ഭാഗമാണ് നോട്ടീസ് എന്നും തികച്ചും രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഒരു തെളിവുമില്ലാതെയുള്ള അന്വേഷണമാണ് ഇഡി നടത്തുന്നത്. മസാല ബോണ്ട് ആണോ അന്വേഷണ വിഷയം എന്ന് പറയാന്‍ സാധിക്കില്ലെന്നാണ് കോടതി പോലും പറഞ്ഞിട്ടുള്ളത്. അഭിഭാഷകരുമായി സംസാരിച്ച ശേഷം ഇഡിയുടെ നോട്ടീസിന് മറുപടി നല്‍കുമെന്ന് തോമസ് ഐസക് പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തുള്ളവരെ ഭീഷണിപ്പെടുത്താനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും മോദി ഉപയോഗിക്കുകയാണ്. അത് കാണിക്കുന്നത് മോദിക്ക് പേടി ബാധിച്ചു എന്നതിന്റെ തെളിവാണ്. അല്ലെങ്കില്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഇതെല്ലാം ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ്. അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.