
ന്യൂയോർക്ക്: ഉഷ്ണതരംഗം രൂക്ഷമായതിന് പിന്നാലെ തോംസൺ കാട്ടുതീ വടക്കൻ കാലിഫോർണിയക്ക് വലിയ ഭീഷണിയാകുന്നു. തോംസൺ കാട്ടുതീ ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ കാലിഫോർണിയയിൽ 26000 പേരെ ഒഴിപ്പിക്കുന്നു. ഉഷ്ണ തരംഗത്തിനിടെ രൂക്ഷമായ കാട്ടുതീയിൽ വലിയ രീതിയിലാണ് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത്.
ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് കാട്ടുതീ പടരാൻ തുടങ്ങിയത്. കാലിഫോർണിയയിലെ ബട്ടേ കൌണ്ടിയിലെ ഓരോവില്ലേ നഗരത്തിന് സമീപത്തായാണ് കാട്ടുതീ പടർന്നത്. ചുരുങ്ങിയ സമയം കൊണ്ട് 14 സ്ക്വയർ കിലോമീറ്റർ വനമാണ് അഗ്നി വിഴുങ്ങിയത്. ആളുകളെ കൃത്യ സമയത്ത് ഒഴിപ്പിക്കാൻ സാധിച്ചതിനാൽ ആളപായമില്ല. എന്നാൽ വലിയ രീതിയിൽ വനസമ്പത്ത് കത്തി നശിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെയാണ് കാട്ടു തീ ചെറിയ രീതിയിലെങ്കിലും നിയന്ത്രണത്തിലെത്തിക്കാൻ അഗ്നിരക്ഷാ പ്രവർത്തകർക്ക് സാധിച്ചത്
ജനവാസ മേഖലയിലേക്ക് തീയെത്താതിരിക്കാൻ പ്രതിരോധം തീർക്കാനായി ഹെലികോപ്ടറിൽ നിന്നടക്കം വെള്ളം ഒഴിച്ച് തീ അണയ്ക്കാനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ട്. കാലിഫോർണിയയിലും പരിസരത്തുമായി നിരവധി കാട്ടുതീ സംഭവങ്ങളാണ് ഉഷ്ണ തരംഗത്തിനിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.















