ആയിരങ്ങൾ അണിചേർന്നു; കേന്ദ്ര അവഗണനക്കെതിരെ മനുഷ്യചങ്ങല തീർത്ത് ഡിവൈഎഫ്ഐ

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി മനുഷ്യചങ്ങല തീർത്ത് ഡിവൈഎഫ്ഐ. കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽനിന്നും തിരുവനന്തപുരം രാജ്ഭവൻ വരെയാണ് മനുഷ്യച്ചങ്ങല തീർത്തത്. സ്ത്രീകളും കുട്ടികളും അടക്കം മനുഷ്യച്ചങ്ങലയിൽ ആയിരങ്ങൾ അണിനിരന്നു.

മാർച്ച് രാജ്ഭവനു മുന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം എംപിയാണു മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയായത്. ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജൻ രാജ്ഭവന് മുന്നിൽ അവസാന കണ്ണിയായി.

കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാനത്തിനു 2023 ൽ കിട്ടേണ്ട 64000 കോടിരൂപയുടെ സഹായം കിട്ടിയിട്ടില്ലെന്നു എം.വി.ഗോവിന്ദൻ പറഞ്ഞു. ‘‘കേന്ദ്രം സഹായിക്കാത്തതിനാൽ 1.70 ലക്ഷം കോടിരൂപയുടെ നഷ്ടം ഏഴര വർഷത്തിനിടെ സംസ്ഥാനത്തിനുണ്ടായി. വികസനപദ്ധതികൾ നടപ്പിലാക്കാനുള്ള നിശ്ചയദാർഢ്യം സംസ്ഥാന സർക്കാരിന് ഉണ്ടായിട്ടും അതിനെ തകർക്കുന്ന നിലപാടാണു കേന്ദ്രം സ്വീകരിക്കുന്നത്. ബിജെപി ഇതര സംസ്ഥാനങ്ങളെയെല്ലാം ബാധിക്കുന്നതാണു കേന്ദ്ര സാമ്പത്തിക നയം. രാമക്ഷേത്രത്തിന്റെ മറവിൽ ജനകീയപ്രശ്നങ്ങൾ മറച്ച്, ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ചു, ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കാനാണ് ബിജെപി ശ്രമം. ഡൽഹിയിൽ കേന്ദ്രത്തിനെതിരെ നടക്കുന്ന സമരത്തിൽ പങ്കെടുക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം. ജനകീയ പ്രശ്നത്തിനു പരിഹാരം കാണാനായി നടക്കുന്ന സമരത്തിൽ രാഷ്ട്രീയം പറഞ്ഞ് മാറി നിൽക്കുകയാണ് യുഡിഎഫ്. കേന്ദ്ര സമീപനത്തെ ചെറുക്കാൻപോലും യുഡിഎഫിന് രാഷ്ട്രീയം പ്രശ്നമാണ്. ഭരണഘടന മനുസ്മൃതിയെ അടിസ്ഥാനമാക്കി വേണമെന്നാണ് ബിജെപി ആഗ്രഹം,’’ എം.വി.ഗോവിന്ദൻ പറഞ്ഞു.

കവി കെ സച്ചിദാനന്ദന്‍, കരിവള്ളൂര്‍ മുരളി, പ്രിയനന്ദനന്‍. രാവുണ്ണി, അശോകന്‍ ചരുവില്‍,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍.പി.ബാലചന്ദ്രന്‍ എംഎല്‍എ, സി.പി.നാരായണന്‍, ഗ്രാമപ്രകാശ്, സി പി അബൂബക്കര്‍,സി.എസ് ചന്ദ്രിക, കോഴിക്കോട്ട് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, ടി പി രാമകൃഷ്ണന്‍ എംഎല്‍എ, പി മോഹനന്‍, കാനത്തില്‍ ജമീല എംഎല്‍എ, സച്ചിന്‍ ദേവ് എംഎല്‍എ ,മേയര്‍ ബീന ഫിലിപ്പ്, എഴുത്തുകാരായ കെ ഇ എന്‍ കുഞ്ഞഹമ്മദ്, കെ പി രാമനുണ്ണി, നടന്‍ ഇര്‍ഷാദ് അലി തുടങ്ങിയവര്‍ തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ മനുഷ്യച്ചങ്ങലയുടെ ഭാഗമായി.

More Stories from this section

family-dental
witywide