
കോഴിക്കോട്: മലയാള സാഹിത്യ ലോകത്തെ എഴുത്തിന്റെ പെരുന്തച്ചന് കേരളം വിട നൽകി. ഇന്നലെ രാത്രി അന്തരിച്ച എഴുത്തിന്‍റെ കുലപതിക്ക് ഇന്ന് വൈകിട്ട് 5 മണിയോടെ ഔദ്യോഗിക ബഹുമതികളോടെയാണ് വിട നൽകിയത്. ഇന്നലെ മുതൽ തുടങ്ങിയ പൊതുദർശനത്തിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. മൂന്നര മണിയോടെ പൊതുദർശനം അവസാനിപ്പിച്ച് വീട്ടിൽ തന്നെ അന്ത്യകർമ്മങ്ങൾ നടത്തി. ശേഷം ജനസഞ്ചയത്തിന് നടുവിലൂടെ മാവൂർ റോഡിലെ സ്മൃതിപഥത്തിലെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുകയായിരുന്നു.
മലയാളത്തിന്റെ എം ടിക്ക് വിട എന്നഴുതിയ നിറയെ പൂക്കൾ കൊണ്ട് അലങ്കരിച്ച ആംബുലൻസിലാണ് ഭൗതിക ശരീരം വിലാപയാത്രയായി ശ്മശാനത്തിലേക്ക് എത്തിച്ചത്. സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുളളവര്‍ സിതാരയിലെത്തി എം ടിക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു. ശ്മശാനത്തിലും ആയിരങ്ങളാണ് എം ടിയെ യാത്രയാക്കാൻ എത്തിയത്. കലങ്ങിയ കണ്ണുകളോടെയും ഹൃദയ വേദനയോടെയുമാണ് ഏവരും നിലയുറപ്പിച്ചത്. അത്രമേൽ വേദനിച്ചൊരു ദിവസമായി കേരളത്തിന് ഇത് മാറുകയായിരുന്നു. പക്ഷേ കേരളം ആ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഒരുപാട് കാലമെടുത്തേക്കും. എം ടി ഇനിയില്ല. ഓർമ്മയായെന്ന് വിശ്വസിക്കാനും ഒരുപാട് സമയമെടുക്കും.
ഇന്നലെ രാത്രിമുതൽ കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡിലെ എം ടിയുടെ ‘സിതാര’യെന്ന വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി അദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെശശീന്ദ്രന്‍, സജി ചെറിയാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി അബ്ദുറഹിമാന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍, ഇപി ജയരാജന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, എംകെ രാഘവന്‍, ഷാഫി പറമ്പില്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുരേന്ദ്രന്‍ സംവിധായകന്‍ ഹരിഹരന്‍, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, നടന്‍ വിനീത്, എം മുകുന്ദന്‍, കെകെ ശൈജ, ജോയ് മാത്യു, കുട്ട്യേടത്തി വിലാസിനി തുടങ്ങി പ്രമുഖരുടെ വലിയ നിര തന്നെ എംടിയുടെ വീട്ടിലേക്കെത്തി. നടന്‍ മോഹന്‍ലാലും പുലര്‍ച്ചെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വിവിധ മുഖ്യമന്ത്രിമാർ തുടങ്ങി നിരവധി പ്രമുഖർ എംടിയുടെ വിയോഗത്തിലെ അനുശോചനം അറിയിച്ചിരുന്നു.