
മുംബൈ: നടന്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ഒരാള്‍ പിടിയില്‍. രാജസ്ഥാനിലെ ബുണ്ടി സ്വദേശി ബന്‍വാരിലാല്‍ ലതുര്‍ലാല്‍ ഗുജാര്‍ (25) ആണ് പിടിയിലായത്. ഇയാള്‍ യൂട്യൂബിലൂടെയാണ് ഭീഷണി മുഴക്കിയത്.
സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്ക് മുന്നില്‍ ഏപ്രിലില്‍ വെടിയുതിര്‍ത്തതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയും വധഭീഷണിയുടെ പേരില്‍ രാജസ്ഥാനില്‍ നിന്ന് ലതുര്‍ലാല്‍ ഗുജാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ലോറന്‍സ് ബിഷ്ണോയിയും ഗോള്‍ഡി ബ്രാറും മറ്റ് സംഘാംഗങ്ങളും എന്നോടൊപ്പമുണ്ട്, സല്‍മാന്‍ ഖാനെ ഞാന്‍ കൊല്ലാന്‍ പോകുകയാണ് എന്ന് ഗുര്‍ജാര്‍ തന്റെ യൂട്യൂബ് ചാനലില്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്തിരുന്നതായി പൊലീസ് പറയുന്നു. രാജസ്ഥാനിലെ ഒരു ഹൈവേയില്‍ വെച്ചാണ് പ്രതി വീഡിയോ ഉണ്ടാക്കി തന്റെ ചാനലില്‍ അപ്ലോഡ് ചെയ്തത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണത്തിനായി ഒരു സംഘത്തെ രാജസ്ഥാനിലേക്ക് അയച്ചതായും അവര്‍ പ്രതിയെ പിടികൂടിയതായും മുംബൈയിലെ സൈബര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗുജാറിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏപ്രില്‍ 14 ന് പുലര്‍ച്ചെ ഇവിടെ ബാന്ദ്ര ഏരിയയിലെ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ ഒന്നിലധികം റൗണ്ട് വെടിയുതിര്‍ത്ത് രക്ഷപെട്ടിരുന്നു. ആ കേസില്‍ ആകെ ആറുപേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഒരാള്‍ പോലീസ് ലോക്കപ്പില്‍ തൂങ്ങിമരിച്ചിരുന്നു.