
ഗാര്‍വ: ഗാര്‍വ: ജാര്‍ഖണ്ഡിലെ ഗാര്‍വ ജില്ലയിലെ ഒരു ഗ്രാമത്തില്‍ മൂന്ന് കുട്ടികള്‍ പാമ്പുകടിയേറ്റ് മരിച്ചു. ചാപ്കലി ഗ്രാമത്തിലാണ് ആനയുടെ ആക്രമണം ഭയന്ന് ഒരുമിച്ച് ഉറങ്ങുകയായിരുന്ന കുട്ടികള്‍ക്ക് ദാരുണാന്ത്യമുണ്ടായത്.
ആനയുടെ ആക്രമണം ഭയന്ന് വീടിന്റെ തറയില്‍ ഉറങ്ങുകയായിരുന്നു ഒരു കുടുംബത്തിലെ 10 ഓളം കുട്ടികള്‍. ഇവരില്‍ മൂന്നുപേരെയാണ് പാമ്പ് കടിച്ചത്. പന്നലാല്‍ കോര്‍വ (15), കാഞ്ചന്‍ കുമാരി (8), ബേബി കുമാരി (9) എന്നിവരാണ് മരിച്ചത്.
സംഭവത്തെത്തുടര്‍ന്ന്, കുട്ടികളെ പുലര്‍ച്ചെ ഒരു മണിയോടെ ഒരു മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുപോയി, അവിടെവെച്ച് രണ്ടുപേര്‍ മരിച്ചു. തുടര്‍ന്ന് മൂന്നാമത്തെ കുട്ടിയെ ഒരു വൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
ഗ്രാമത്തില്‍ ആനകളുടെ ശല്യം രൂക്ഷമായതോടെ ഗ്രാമവാസികള്‍ സുരക്ഷിത സ്ഥലങ്ങള്‍ തേടിപ്പിടിച്ചാണ് കിടന്നുറങ്ങുക. ഉയരമുള്ള കെട്ടിടത്തിന്റെ മുകളിലും ഗ്രാമവാസികള്‍ കൂട്ടമായുമായി രാത്രി കഴിച്ചുകൂട്ടുന്നത്.