
ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പേർ മോചനത്തിന് ശേഷം ശ്രീലങ്കയിലേക്ക് തിരിച്ചു. മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരാണ് ഇന്ന് ചെന്നൈയിൽ നിന്ന് കൊളംബോയിലേക്ക് തിരിച്ചത്. ആറുപേരെ 2022 നവംബറിൽ സുപ്രീം കോടതി മോചിപ്പിച്ചിരുന്നു. തൃപ്‌തികരമായ പെരുമാറ്റം ചൂണ്ടിക്കാട്ടി തമിഴ്‌നാട് സർക്കാർ ഇവരെ വിട്ടയക്കാൻ ശുപാർശ ചെയ്തിരുന്നു.
ജയിൽ മോചിതരായ ശേഷം ഇവർ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലായിരുന്നു. മൂന്ന് പേരെയും പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് രാവിലെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു. എല്ലാ ശ്രീലങ്കൻ പൗരന്മാർക്കും അടുത്തിടെയാണ് പാസ്‌പോർട്ട് അനുവദിച്ചത്.
മുരുകൻ ഇന്ത്യൻ പൗരയായ നളിനിയെ വിവാഹം കഴിച്ചിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട നളിനിയെ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് ശിക്ഷയിൽ നിന്ന് വെറുതെ വിട്ടിരുന്നു. നളിനിയുടെ മകൾ യുകെയിൽ ഡോക്ടറായി ജോലി നോക്കുകയാണ്. ദയാഹർജികൾ തീർപ്പാക്കുന്നതിൽ രാഷ്ട്രപതിയുടെ കാലതാമസം ചൂണ്ടിക്കാട്ടി മറ്റുള്ളവരുടെ വധശിക്ഷയിൽ സുപ്രീം കോടതി ഇളവ് ചെയ്തു.
Three convicts in Rajiv gandhi assassination leave to Sri lanka