
ന്യൂഡല്‍ഹി: ഡല്‍ഹിക്ക് സമീപം അമിതവേഗതയില്‍ എത്തിയ കാര്‍ ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്ന് യുവാവും രണ്ടു സഹോദരിമാരും മരിച്ചു. ഡല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡയിലാണ് ഒരു കുടുംബത്തിലെ മൂന്നു പേരുടെ ജീവനെടുത്ത ദാരുണമായി അപകടം ഉണ്ടായത്. അപകടത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.
ഗ്രേറ്റര്‍ നോയിഡയിലെ തിരക്കേറിയ ക്രോസിംഗായ പാരി ചൗക്കിന് സമീപം അര്‍ദ്ധരാത്രിക്ക് ശേഷമായിരുന്നു സംഭവം. സഹോദരിമാര്‍ക്കൊപ്പം വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുരേന്ദ്ര എന്ന യുവാവ്. ഷൈലി, അന്‍ഷു എന്നീ സഹോദരിമാര്‍ക്കൊപ്പം ബൈക്കില്‍ ഇവരുടെ സുഹൃത്തുമുണ്ടായിരുന്നു. പാരി ചൗക്കിന് സമീപം സ്പീഡ് ബ്രേക്കറില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കില്‍ അമിത വേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ശേഷം കാര്‍ പരിക്കേറ്റവരുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മൂന്നുപേരും മരണത്തിന് കീഴടങ്ങിയിരുന്നു. ഇവര്‍ക്ക് ഒപ്പം സഞ്ചരിച്ച സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം, ബൈക്കില്‍ ഇടിച്ച വാഹനം തിരിച്ചറിയാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. വാഹനം കണ്ടെത്തുന്നതിനായി നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.









