
കൊച്ചി: ചെറായി ബസ് സ്റ്റോപ്പിന് സമീപത്തുനിന്നും യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. യുവതിയെ കാറില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി മുനമ്പം പൊലീസിനു കൈമാറി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
ആലങ്ങാട് നീറിക്കോട് സ്വദേശികളായ താണിപ്പറമ്പില്‍ അജ്മല്‍(27), വൈലോപ്പിള്ളി വീട്ടില്‍ മഹാദേവ് (25), തുരുത്തുങ്കല്‍ ആദര്‍ശ് (23) എന്നിവരാണ് അറസ്റ്റിലായത്. നാട്ടുകാരുമായുള്ള സംഘർഷത്തിനിടെ അജ്മലിന് പരിക്കേറ്റു. പറവൂര്‍ ഏഴിക്കര സ്വദേശിയായ യുവതിയെയാണ് മൂവർ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
ചെറായിയിലെ വീട്ടിലെത്തി രോഗിയായ അമ്മയെ കണ്ട് തിരികെപോകുമ്പോഴായിരുന്നു അക്രമണം. യുവതിയുടെ സമീപത്ത് കാര്‍ നിര്‍ത്തിയശേഷം ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കയറി പിടിക്കുകയായിരുന്നു. യുവതി ബഹളം ഉണ്ടാക്കിയതോടെ നാട്ടുകാരെത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Three Youth arrested for trying kidnap a woman












