പൂര ലഹരിയില്‍ സ്വയംമറന്ന് തൃശൂര്‍…ആവേശത്തിമിര്‍പ്പില്‍ ഇന്ന് തൃശൂര്‍ പൂരം

തൃശൂര്‍: പൂരപ്രമികള്‍ കാത്തിരുന്ന വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം ഇന്ന്. ഇന്നലെ ഉച്ചയോടെ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തള്ളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളിയതോടെ പൂരാപൂരവിളംബരം നടന്നു.

ഇന്ന് രാവിലെ 7.30ന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തിന് തുടക്കമാകും.

പതിനൊന്നരയ്ക്കാണ് കോങ്ങാട് മധുവിന്റെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ മഠത്തില്‍വരവ്. പിന്നീട് ഉച്ചക്ക് രണ്ടോടെ പൂരത്തിന്റെ എല്ലാ ആവേശങ്ങളും ആവാഹിച്ച് തേക്കിന്‍കാട് മൈതാനത്തിലെ ഇലഞ്ഞിച്ചുവട്ടില്‍ കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ 250 ഓളം കലാകാരന്മാരുടെ ഇലഞ്ഞിത്തറ മേളം നടക്കും. അഞ്ചിനാണ് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം.

വൈകുന്നേരം ആറോടെ ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും നടക്കും. നാളെ പുലര്‍ച്ചെ മൂന്ന് മുതല്‍ അഞ്ച് വരെയാണ് ആകാശ വിസ്മയം തീര്‍ക്കുന്ന വെടിക്കെട്ട് നടക്കുക. ഉച്ചയ്ക്ക് ഒന്നോടെ പകല്‍പ്പൂരത്തിന്റെ സമാപനത്തില്‍ ശ്രീമൂലസ്ഥാനത്ത് നടക്കുന്ന വിട പറയല്‍ ചടങ്ങോടെ തൃശൂര്‍ പൂരത്തിന് സമാപനമാകും.

ഇത്തവണ ആന എഴുന്നള്ളിപ്പിനടക്കം അധികൃതരുടെ ഭാഗത്തുനിന്നും എതിര്‍പ്പും നിയമക്കുരുക്കുകളുടെ നൂലാമാലകളും പേറിയാണ് ഉത്സവത്തിന് തുടക്കം കുറിച്ചത്. ആനപ്രേമികളുടെ ആവേശമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കാന്‍ ഫിറ്റ്‌നസ് ലഭിച്ചിട്ടുണ്ട്. രാമചന്ദ്രന്‍ ഇന്ന് നെയ്തല കാവിലമ്മയുടെ തിടമ്പേറ്റും.

ആന ഉടമകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് രാമനെ പൂരത്തില്‍ പങ്കെടുപ്പിക്കാനുള്ള വഴിതുറന്നത്. വെറ്റിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം രാമചന്ദ്രനെ പരിശോധിച്ചിട്ടാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

More Stories from this section

family-dental
witywide