
ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ക്കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന് പ്രമേഹ രോഗത്തിനനുസരിച്ച് ഭക്ഷണം നല്‍കുന്നില്ലെന്നും ഇന്‍സുലിന്‍ നിഷേധിക്കുവെന്നുമടക്കമുള്ള ആരോപണങ്ങളില്‍ പ്രതികരണവുമായി ജയിലിലെ ഉന്നതാധികാരികള്‍ രംഗത്ത്.
തിഹാറില്‍ ആയിരത്തോളം പ്രമേഹരോഗികളുണ്ടെന്നും എയിംസിലെയും രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെയും മുതിര്‍ന്ന ഡോക്ടര്‍മാരുടെ ഉപദേശപ്രകാരമാണ് അവര്‍ക്ക് ഭക്ഷണവും മരുന്നുകളും നല്‍കുന്നതെന്നും എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ബേനിവാള്‍ പറഞ്ഞു.
”ഞങ്ങള്‍ സാധാരണയായി അത്തരം സമ്മര്‍ദ്ദം നേരിടുന്നു, അത് സഹിക്കുന്ന ഒരു ശീലമുണ്ട്, അത് ജീവിതത്തിന്റെ ഭാഗമാണ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മാത്രമല്ല, ‘നമ്മുടെ ജയിലില്‍ 900 മുതല്‍ 1000 വരെ തടവുകാര്‍ പ്രമേഹബാധിതരാണ്, ചിലര്‍ക്ക് മരുന്നുകള്‍ നല്‍കുന്നു, ചിലര്‍ക്ക് ഇന്‍സുലിന്‍ നല്‍കുന്നു, ചിലര്‍ക്ക് മറ്റെന്തെങ്കിലും ആവശ്യമാണ്… നമ്മുടെ സര്‍ക്കാര്‍ നിയോഗിച്ച മുതിര്‍ന്ന ഡോക്ടര്‍മാരാണ് ഇതെല്ലാം ചെയ്യുന്നതെന്നും’ അദ്ദേഹം പറഞ്ഞു.
ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21 ന് അറസ്റ്റിലായത് മുതല്‍ തനിക്ക് ഇന്‍സുലിന്‍ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കെജ്രിവാള്‍ കോടതിയെ സമീപിച്ചിരുന്നു. ഒരു സ്വകാര്യ പ്രാക്ടീഷണറുമായി വീഡിയോ കോള്‍ ചെയ്യാനുള്ള കെജ്രിവാളിന്റെ അഭ്യര്‍ത്ഥന കേസ് പരിഗണിക്കുന്ന ഡല്‍ഹിയിലെ പ്രത്യേക കോടതി നിരസിച്ചു. കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നതായി ആംആദ്മി ആരോപിക്കുന്ന സാഹചര്യം വരെ ഉണ്ടായി. എന്നിട്ടും അധികൃതര്‍ കടുത്ത നിലപാടില്‍ത്തന്നെ തുടരുകയാണ്.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ ബെനിവാള്‍ കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നും വ്യക്കമാക്കി. എഎപി എന്ത് ആരോപണങ്ങള്‍ ഉന്നയിക്കുന്നുവോ, ഞങ്ങള്‍ അവയ്ക്ക് കോടതിയില്‍ കൃത്യമായി ഉത്തരം നല്‍കുന്നുണ്ടെന്നും ബെനിവാള്‍ പറഞ്ഞു.









