
കൊൽക്കത്ത: മുതിർന്ന മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ സാഗരിക ഘോഷിനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. തൃണമൂൽ കോൺഗ്രസ് ആണ് സാഗരികയെ നാമനിർദേശം ചെയ്തത്. സാഗരികക്കു പുറമെ സുഷ്മിത ദേവ്, മുഹമ്മദ് നദീമുൽ ഹഖ്, മമത ബാല ഠാക്കൂർ എന്നിവരെയും തൃണമൂൽ ഉപരിസഭയിലേക്കുള്ള സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. 56 പേരുടെ ഒഴിവിലേക്ക് ഫെബ്രുവരി 27-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അഞ്ചുപേരാണ് ബംഗാളില്‍നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുക.
കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്ന മാധ്യമപ്രവർത്തകയാണ് സാഗരിക ഘോഷ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി ഭര്‍ത്താവാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി ടൈംസ് ഓഫ് ഇന്ത്യ, ഔട്ട്‍ലുക്ക്, ഇന്ത്യൻ എക്സ്പ്രസ്, സി.എൻ.എൻ-ഐ.ബി.എൻ തുടങ്ങിയ വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള മാധ്യമപ്രവർത്തകയാണ് സാഗരിക. ന്യൂഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജ്, ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിലെ റോഡ്സ് സ്കോളർ എന്നിവിടങ്ങളിലായിരുന്നു സാഗരികയുടെ പഠനം.
ബംഗാളിന് പുറമേ 15 സംസ്ഥാനങ്ങളില്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ പത്തും മഹാരാഷ്ട്രയിലും ബിഹാറിലും ആറുവീതവും മധ്യപ്രദേശില്‍ അഞ്ചും ഗുജറാത്തിലും കര്‍ണാടകയിലും നാലും ആന്ധ്രയിലും തെലങ്കാനയിലും രാജസ്ഥാനിലും ഒഡിഷയിലും മൂന്ന് വീതവും ഉത്തരാഖണ്ഡിലും ഛത്തീസ്ഗഢിലും ഹരിയാനയിലും ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ സീറ്റുമാണ് ഒഴിവുവരുന്നത്.