
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍. രാജസ്ഥാനിൽ മോദി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതാപന്‍ കമ്മീഷനെ സമീപിച്ചത്. നേരത്തെ സിപിഎമ്മും പരാതിയുമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം ജനപ്രതിനിധ്യ നിയമത്തിനും ഇന്ത്യന്‍ ഭരണഘടനയ്ക്കും എതിരായ അതിക്രമം കൂടിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച് ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ കേസെടുക്കണമെന്നും മോദിക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും മോദി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കുന്നത് വിലക്കണമെന്നും മോദിയുടെ റാലികള്‍ക്ക് അനുമതി നല്‍കരുതെന്നും ടി.എന്‍. പ്രതാപന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ ഭൂമിയും സ്വത്തുക്കളുമെല്ലാമെടുത്ത് മുസ്ലിങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നാണ് മോദി പ്രസംഗിച്ചത്. മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്നും ഏറെ കുട്ടികളെ ഉൽപാദിപ്പിക്കുന്നവരെന്നും അധിക്ഷേപിച്ചു.
TN Prathapan complaint against PM Modi over hate speech













