ഇന്ന് മകര വിളക്ക് മഹോത്സവം, ദര്‍ശന പുണ്യം നേടാന്‍ ഭക്തജന ലക്ഷങ്ങള്‍…

പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മകര വിളക്ക് മഹോത്സവം. ദിവ്യജ്യോതി ദര്‍ശിക്കാന്‍ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രാവഹമാണ്. മകരവിളക്ക് ദിനമായ ഇന്ന് പുലര്‍ച്ചെ രണ്ടിന് നട തുറന്നു. പുലര്‍ച്ചെ 2.46നായിരുന്നു മകരസംക്രമം. സൂര്യന്‍ ധനു രാശിയില്‍ നിന്നു മകരം രാശിയിലേക്ക് കടക്കുന്ന സമയത്താണ് സംക്രമ പൂജ നടന്നത്.

കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ് തേങ്ങയിലെ നെയ്യ് അയ്യപ്പസ്വാമിക്ക് അഭിഷേകം നടത്തി. വൈകിട്ട് അഞ്ചിനാണ് നടതുറക്കുക. 5.30ന് ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂര്‍വ്വം സ്വീകരിക്കും. 6.15ന് കൊടിമരച്ചുവട്ടില്‍ തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, മെമ്പര്‍മാരായ അഡ്വ.എ.അജികുമാര്‍, ജി.സുന്ദരേശന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

ശ്രീകോവിലിന് മുന്നിലെത്തിക്കുന്ന പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരിയും ചേര്‍ന്ന് സ്വീകരിക്കും. വൈകുന്നേരം 6.30-ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും.

ഈ സമയം കിഴക്കന്‍ ചക്രവാളത്തില്‍ മകര നക്ഷത്രം ഉദിക്കും. ഒപ്പം പൊന്നമ്പലമേട്ടില്‍ തെളിക്കുന്ന ജ്യോതിയും കണ്ട് ഭക്തലക്ഷങ്ങള്‍ മലയിറങ്ങും. പത്ത് പോയിന്റുകളില്‍ മകരജ്യോതി ദര്‍ശിക്കാം.

രണ്ട് ലക്ഷത്തോളം പേരാകും മകരവിളക്ക് ദര്‍ശിക്കാനായി സന്നിധാനത്തും പരിസരത്തും എത്തിച്ചേരുകയെന്നാണ് വിലയിരുത്തല്‍.

More Stories from this section

family-dental
witywide