
റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മുതിർന്ന മാവോയിസ്റ്റ് നേതാവ് ശങ്കർ റാവു കൊല്ലപ്പെട്ടെന്ന് സൂചന. കാങ്കീർ ജില്ലയിൽ ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ വന മേഖലയിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ മൊത്തം 29 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ ശങ്കർ റാവുവും ഉണ്ടെന്നാണ് സൂചന. ശങ്കർ റാവു മാവോയിസ്റ്റുകളുടെ പ്രമുഖ നേതാവാണ്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികമടക്കം സർക്കാർ പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ശങ്കർ റാവു ഉണ്ടോയെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് സുരക്ഷാ സേന. ഏറ്റുമുട്ടലൽ 18 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ പിന്നീട് മൊത്തം 29 മൃതദേഹങ്ങൾ സുരക്ഷാ സേന കണ്ടെത്തുകയായിരുന്നു.
മാവോയിസ്റ്റ് നേതാക്കളായ ശങ്കർ റാവു, ലളിത, രാജു എന്നിവർ ബസ്തറിലെ വന മേഖലയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. ഇക്കാര്യം ഐ ജി സുന്ദർ രാജ് തന്നെ വ്യക്തമാക്കി. ബസ്തർ മേഖലയിൽ നടന്ന ഏറ്റവും വലിയ നക്സൽ വിരുദ്ധ ഓപ്പറേഷനാണ് ഇന്ന് നടന്നതെന്നും അദ്ദേഹം വിവരിച്ചു. മേഖലയിൽ തെരച്ചിൽ തുടരുകയാണെന്നും ഐ ജി വ്യക്തമാക്കി. ഏറ്റുമുട്ടലിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കടക്കം പരിക്കേറ്റതായും സുരക്ഷാ സേന അറിയിച്ചു. എ കെ 47 സീരീസിലുള്ള തോക്കുകളും 3 ലൈറ്റ് മെഷീൻ ഗണ്ണുകളും മാവോയിസ്റ്റുകളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
Top maoist leader shankar rao and 29 killed in Chhattisgarh