
കാലിഫോർണിയ: സതേൺ കാലിഫോർണിയ ബീച്ച് സിറ്റിയിലെ മാളിന് മുന്നിലെ കവർച്ചക്കിടെ വിനോദസഞ്ചാരി കൊല്ലപ്പെട്ടു. ന്യൂസിലാൻഡിൽ നിന്നുള്ള വിനോദസഞ്ചാരിയായ പട്രീഷ്യ മക്കേ (68) യാണ് കൊല്ലപ്പെട്ടത്. ന്യൂപോർട്ട് ബീച്ചിലെ ഫാഷൻ ഐലൻഡ് മാളിലായിരുന്നു അക്രമം. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഫാഷൻ ഐലൻഡ് മാളിലെ ബാൺസ് ആൻഡ് നോബിൾ എന്ന സ്റ്റോർ കൊള്ളയടിക്കാനായിരുന്നു മൂന്നംഗ കവർച്ച സംഘത്തിന്‍റെ ലക്ഷ്യം. കവർച്ചക്കിടെ പട്രീഷ്യയെയും ഭർത്താവിനെയും കണ്ട 2 അക്രമികൾ തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി. ശേഷം പ്രതികളിലൊരാൾ സ്ത്രീയെ തെരുവിലേക്ക് വലിച്ചുകൊണ്ടുപോയി. അതിനിടെ കവർച്ച സംഘത്തിലെ മൂന്നാമൻ കാറിടിച്ച് ഇവരെ കൊലപ്പെടുത്തുകയായിരുന്നു. വെള്ള സെഡാനിലാണ് അക്രമികൾ എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതക ശേഷം പ്രതികൾ സ്ഥലത്ത് നിന്നും വേഗത്തിൽ കടന്നുകളയുകയായിരുന്നു. പിന്നീട് ന്യൂപോർട്ട് ബീച്ച് പൊലീസ് സഭവത്തിൽ 3 പേരെ അറസ്റ്റ് ചെയ്തുട്ടുണ്ട്. കവർച്ചയ്ക്കിടെ പ്രതികളിലൊരാൾ തോക്കിൽ നിന്ന് മൂന്ന് തവണ വെടിയുതിർത്തെങ്കിലും ആർക്കും പരിക്കേറ്റില്ലെന്ന് പൊലീസ് പറഞ്ഞു.















