
കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ കീഴടങ്ങി. പത്താംപ്രതി കെ.കെ. കൃഷ്ണന്‍, 12ാംപ്രതി ജ്യോതി ബാബു എന്നിവരാണ് കോഴിക്കോട് മാറാട് പ്രത്യേക കോടതിയിൽ കീഴടങ്ങിയത്. കോഴിക്കോട് ജില്ല ജയിലിലേക്ക് മാറ്റുന്ന പ്രതികളെ 26ന് ഹൈക്കോടതിയിൽ ഹാജരാക്കും.
രോഗബാധിതനായ പന്തണ്ടാം പ്രതി ജ്യോതി ബാബു ആംബുലൻസിലെത്തിയാണ് കോടതിയിൽ ഹാജരായത്. ഡയാലിസിസ് രോഗിയാണ് ഇയാളെന്ന് ഡോക്ടർമാർ കോടതിയെ അറിയിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റും. ഇവർക്കൊപ്പം സിപിഎം നേതാക്കളുമുണ്ടായിരുന്നു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണക്കോടതി വെറുതെവിട്ട പ്രതികളായ കെ.കെ. കൃഷ്ണനും ജ്യോതി ബാബുവും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി വിധിച്ചിരുന്നു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വിലയിരുത്തിയാണ് കെ.കെ. കൃഷ്ണനെയും ജ്യോതി ബാബുവിനെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് പ്രതികൾ കീഴടങ്ങിയത്. ഇവരേയും ഒന്നു മുതൽ എട്ടുവരെ പ്രതികളെയും പതിനൊന്നാം പ്രതിയെയും 26ന് ഹൈകോടതിയിൽ ഹാജരാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
2012 മേയ് നാലിനാണ് ആര്‍എംപി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ വടകര വള്ളിക്കോട് വെച്ച് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മില്‍നിന്ന് വിട്ടുപോയി സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയ നേതാവായിരുന്നു ടി.പി ചന്ദ്രശേഖരൻ.