
കോഴിക്കോട്: ടി പി ചന്ദ്രശേഖർ കൊലക്കേസിലെ പ്രതികളുടെ ശിക്ഷ ഇളവിനുള്ള നീക്കത്തിന്റെ ഭാഗമായി കെ കെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. രമയുടെ മൊഴിയെടുത്ത എ എസ് ഐയെ സ്ഥലംമാറ്റി. ട്രൗസർ മനോജടക്കമുള്ള പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കെ കെ. രമയുടെ മൊഴിയെടുത്തത്. കൊളവല്ലൂർ സ്റ്റേഷനിലെ എ എസ് ഐ ശ്രീജിത്താണ് രമയുടെ മൊഴി എടുത്തത്. ശ്രീജിത്തിനെ വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയത്.
ടിപി വധക്കേസിൽ നേരിട്ട് പങ്കാളികളായ ടി.കെ.രജീഷ്, അണ്ണൻ സിജിത്, മുഹമ്മദ് ഷാഫി എന്നിവർക്ക് ഇളവ് നൽകാനുള്ള നീക്കം വലിയ വിവാദമായിരുന്നു. 20 വർഷം വരെ ഈ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെയായിരുന്നു സർക്കാർ നീക്കം. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസം സർക്കാർ നടപടി എടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടപടി സ്വീകരിക്കുകയായിരുന്നു.