
കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വധശിക്ഷയില്ല. ഒന്നു മുതൽ അഞ്ചു വരെ പ്രതികളുടെയും ഏഴാം പ്രതിയുടെയും ജീവപര്യന്തം ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഉയർത്തി. ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി വിധി.
ഏറ്റവുമൊടുവില്‍ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണന്‍, ജ്യോതിബാബു എന്നിവര്‍ക്കാണ് ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചത്. ഒന്നു മുതൽ അഞ്ചുവരെ പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ. ഷിനോജ് എന്നിവരുടെ നിലവിലെ ജീവപര്യന്തം ശിക്ഷയാണ് ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയത്. 20 വര്‍ഷം കഴിയാതെ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
കേസിലെ ഒന്‍പത് പ്രതികള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം. നിരപരാധികളാണെന്നും കേസിൽ കുടുക്കിയ തങ്ങൾക്ക് വധശിക്ഷ വിധിക്കരുതെന്നും 11 പ്രതികളും കോടതിയെ ബോധിപ്പിച്ചിരുന്നു. ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്‍റെ സംരക്ഷണം, രോഗം, മാതാപിതാക്കളെ നോക്കൽ തുടങ്ങിയ കാരണങ്ങളാണ് പ്രതികൾ ബോധിപ്പിച്ചത്.