ഹാഥ്‌റസ് ദുരന്തം ; നൂറിലധികം ജീവനെടുത്തിട്ടും, രണ്ടുദിവസമായിട്ടും ആരെയും അറസ്റ്റുചെയ്യാതെ പൊലീസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ മതപരമായ സമ്മേളനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 123 പേര്‍ മരിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും പൊലീസ് കാര്യമായ നടപടിയെടുക്കുന്നില്ലെന്ന്‌ ആരോപണം. ദാരുണമായ സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സത്സംഗം നടത്തിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം നാരായണ സാകര്‍ ഹരി എന്ന ഭോലെ ബാബ ഇപ്പോഴും ഒളിവിലാണ്. എന്നാല്‍ അന്വേഷണത്തില്‍ സഹകരിക്കുമെന്നാണ് ഇയാളുടെ അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍, അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും കുറ്റക്കാരായ ആരെയും വെറുതെ വിടില്ലെന്നും ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഇതുവരെ 118 മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്നും മരിച്ച അഞ്ചുപേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും യു.പി ഉപമുഖ്യമന്ത്രി പറഞ്ഞു. പരുക്കേറ്റ ഇരുപത് പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.