കാറിനു മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ദാരുണ അപകടം; അഛനും അമ്മയും നാലുകുട്ടികളും കണ്ണീരോര്‍മ്മ

ബെംഗളുരു: ബെംഗളുരു ദേശീയപാതയില്‍ കാറിനു മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് ദാരുണാന്ത്യം. ദമ്പതികളും നാലു കുട്ടികളുമാണ് അപകടത്തിന് ഇരകളായത്. വ്യവസായിയായ വിജയനപുര സ്വദേശി ചന്ദ്രയാഗപ്പ, ഭാര്യ ഗൗരഭായ്, മക്കളായ ജോണ്‍, വിജയലക്ഷ്മി, ആര്യ, ദീക്ഷ എന്നിവരാണ് മരിച്ചത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി വിജയപുരയിലേക്ക് പോവുകയായിരുന്നു ചന്ദ്രയാഗപ്പയും കുടുംബവും.

ബെംഗളുരു – തുമക്കുരു ദേശീയപാതയില്‍ നെലമംഗലയില്‍ ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മൂന്നു കിലോമീറ്ററിലേറെ ദൂരം ഗതാഗതക്കുരുക്ക് ഉണ്ടായി.

കണ്ടെയ്‌നര്‍ ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ഇരുവാഹനങ്ങളും ഒരേ ദിശയിലാണ് സഞ്ചരിച്ചിരുന്നത്. കാര്‍ യാത്രികരായ കുടുംബം തല്‍ക്ഷണം മരിച്ചു. ഏറെ നേരത്തെ ശ്രമത്തിനു ശേഷമാണ് ക്രെയിന്‍ ഉപയോഗിച്ച് കാറിനുമുകളിലേക്ക് മറിഞ്ഞ കണ്ടെയ്‌നര്‍ മാറ്റിയത്. കാറിനുള്ളില്‍ നിന്ന് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.