
കൊല്‍ക്കത്ത: സിബിഐയും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിനും (എന്‍എസ്ജി) എതിരെ ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. രാജ്യത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് ദിനമായിരുന്ന ഏപ്രില്‍ 26 ന് പശ്ചിമ ബംഗാളിന്റെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ സിബിഐ അശാസ്ത്രീയമായ റെയ്ഡുകള്‍ നടത്തിയെന്ന് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി ആരോപിച്ചു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസിന്റെ (എഐടിസി) പ്രതിച്ഛായ തകര്‍ക്കാന്‍ തിരഞ്ഞെടുപ്പ് ദിവസം പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് അശാസ്ത്രീയമായ റെയ്ഡ് നടത്തിയതെന്നാണ് സിബിഐയ്ക്കെതിരായ പരാതി.
റെയ്ഡിനിടെയില്‍ ചില ആയുധങ്ങള്‍ കണ്ടെടുത്തെന്നും എന്നാല്‍ ഇവ റെയ്ഡിനിടെയില്‍ ശരിക്കും കണ്ടെടുത്തതാണോ അതോ സിബിഐ/എന്‍എസ്ജി രഹസ്യമായി സ്ഥാപിച്ചതാണോ എന്ന് കൃത്യമായി അറിയാന്‍ ഒരു മാര്‍ഗവുമില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.
പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയില്‍ മുമ്പ് സസ്പെന്‍ഡ് ചെയ്യപ്പെട്ട തൃണമൂല്‍ നേതാവ് ഷെയ്ഖ് ഷാജഹാന്റെ ഒരു കൂട്ടാളിയുടെ വസതിയില്‍ നിന്ന് പോലീസ് സര്‍വീസ് റിവോള്‍വറും വിദേശ നിര്‍മ്മിത തോക്കുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും വെള്ളിയാഴ്ച സിബിഐ പിടിച്ചെടുത്തതിന് പിന്നാലെയാണ് പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്.
സംഭവത്തെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി നേതാവ് സുവേന്ദു അധികാരി വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. സിബിഐ റെയ്ഡും ആയുധം പിടിച്ചെടുക്കലും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.