
കൊൽക്കത്ത: അഴിമതിയിലും പ്രീണന രാഷ്ട്രീയത്തിലും മുങ്ങിക്കുളിച്ചിരിക്കുന്ന പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്, ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരാക്കി മാറ്റിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബർധമാൻ-ദുർഗാപൂർ, കൃഷ്ണനഗർ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യവെയാണ് മോദിയുടെ ആരോപണം. ഭരണകക്ഷി നേതാക്കൾക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്ന നോർത്ത് 24 പർഗാനാസിലെ സന്ദേശ്ഖാലിയിലെ ഇരകളോടുള്ള തൃണമൂൽ കോൺഗ്രസിൻ്റെ അനാസ്ഥയെയും മോദി വിമർശിച്ചു.
“സന്ദേശ്ഖലിയിൽ സ്ത്രീകൾക്കെതിരെ പലതരം അതിക്രമങ്ങൾ നടന്നു, കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന് രാജ്യം മുഴുവൻ ആഗ്രഹിച്ചു. പക്ഷേ, തൃണമൂൽ കോൺഗ്രസ് മുഖ്യപ്രതികളെ അവസാനം വരെ സംരക്ഷിച്ചു. എന്തുകൊണ്ടാണ് ബംഗാളിൽ ഹിന്ദുക്കൾ രണ്ടാംതരം പൗരന്മാരായി മാറിയത്. ഹിന്ദുക്കളെ ഭാഗീരഥി നദിയിൽ എറിയുമെന്ന് തൃണമൂൽ കോൺഗ്രസിന്റെ ഒരു എംഎൽഎ അടുത്തിടെ പറഞ്ഞു. എന്തൊരു രാഷ്ട്രീയമാണിത്? തൃണമൂൽ കോൺഗ്രസ്സിന് മനുഷ്യത്വത്തേക്കാൾ പ്രധാനം പ്രീണനമാണോ?,”മോദി ചോദിച്ചു.
പ്രീണന രാഷ്ട്രീയം കാരണം തൃണമൂൽ കോൺഗ്രസ് പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. കോൺഗ്രസും തൃണമൂലും ഇടതുപാർട്ടികളും പ്രീണന രാഷ്ട്രീയത്തിൽ മാത്രമാണ് വിശ്വസിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.