
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലും തങ്ങൾ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് ആവർത്തിച്ചതോടെ, സീറ്റ് വിഭജന മുന്നേറ്റങ്ങളിൽ ഇന്ത്യാ ബ്ലോക്കിന് തിരിച്ചടി. മഹാരാഷ്ട്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം ട്രാക്കിലായ ആശ്വാസത്തിനിടെയാണ് കോൺഗ്രസിനെ നിരാശപ്പെടുത്തിക്കൊണ്ട് തൃണമൂലിന്റെ പ്രതികരണം.
“ഏതാനും ആഴ്‌ചകൾക്ക് മുമ്പ്, ടിഎംസി ചെയർപേഴ്സണും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ബംഗാളിലെ 42 സീറ്റുകളിലും ടിഎംസി മത്സരിക്കുമെന്ന് പ്രസ്താവിച്ചിരുന്നു. അസമിലെ ഏതാനും സീറ്റുകളിലും മേഘാലയയിലെ തുര ലോക്‌സഭാ സീറ്റിലും ഞങ്ങൾ മത്സരിക്കുന്നുണ്ട്. ഈ നിലപാടിൽ മാറ്റമില്ല,” രാജ്യസഭയിലെ തൃണമൂൽ നേതാവ് ഡെറക് ഒബ്രിയൻ പറഞ്ഞു.
പശ്ചിമ ബംഗാളിൽ കോൺഗ്രസ് അഞ്ച് സീറ്റ് എന്ന നിലയിലേക്ക് ഇറങ്ങിയിരുന്നെന്നും സമാജ്‌വാദി പാർട്ടിയുമായും എഎപിയുമായും കൈകോർത്തതിനു ശേഷം തൃണമൂൽ കോൺഗ്രസിനൊപ്പം ഹാട്രിക് സഖ്യത്തിനുള്ള ശ്രമത്തിലാണ് എന്നുമായിരുന്നു സൂചനകൾ. അതേസമയം, അസമിൽ രണ്ട് സീറ്റും മേഘാലയയിൽ ഒരു സീറ്റും തൃണമൂലിന് നൽകാൻ കോൺഗ്രസ് തയ്യാറാണെന്ന് റിപ്പോർട്ടുണ്ട്. ചർച്ചകൾ അനുകൂല ദിശയിലാണ് നീങ്ങുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരുന്നു.