ഒട്ടാവ: അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കുരുക്കാകുന്നു. രാജ്യത്ത് കാലുകുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചതിനു പിന്നാലെ കാനഡയും സമാന നിലപാട് പ്രഖ്യാപിച്ചു. നെതന്യാഹു രാജ്യത്തെത്തിയാൽ അറസ്റ്റ് ചെയ്യുമെന്നും ഐസിസി നിയമം പാലിക്കുമെന്നുമാണ് കാനഡ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര നിയമത്തിന് വേണ്ടി നിലകൊള്ളുമെന്നും അന്താരാഷ്ട്ര കോടതിയുടെ എല്ലാ നിയന്ത്രണങ്ങളും വിധികളും അനുസരിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. കാനഡയും ബ്രിട്ടനും നിലപാട് വ്യക്തമാക്കിയതോടെ അമേരിക്കയുടെ നിലപാട് ഇനി എന്താകും എന്നത് ഇക്കാര്യത്തിൽ പ്രധാനമാകും.
നേരത്തെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബെഞ്ചമിൻ നെതന്യാഹു ബ്രിട്ടനിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്നാണ് ബ്രിട്ടൻ സൂചന നല്‍കിയത്. യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് നെതന്യാഹുവിനെതിരേയും മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെതിരേയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി.) വ്യാഴാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ഗാസയിലെ മനുഷ്യര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം ബോധപൂര്‍വം നിഷേധിച്ച്, നെതന്യാഹുവും ഗാലന്റും യുദ്ധക്കുറ്റം ചെയ്‌തെന്ന് മൂന്നംഗ ജഡ്ജിങ് പാനല്‍ ഏകപക്ഷീയമായി വിധിച്ചു. നെതന്യാഹുവിന്റെ പേരില്‍ ഐ.സി.സി. ചീഫ് പ്രോസിക്യൂട്ടര്‍ കരീം നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2023 ഒക്ടോബര്‍ ഏഴിന്റെ ഇസ്രയേല്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഹമാസ് നേതാക്കള്‍ക്കെതിരേയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.














