
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചൈനയെ വെല്ലുവിളിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്‍റുമായ ഡൊണാൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി അമേരിക്കയാണെന്നും കൂടുതൽ കളിച്ചാൽ ചൈനയെ തകർത്തുകളുയുമെന്നാണ് ട്രംപ് വെല്ലുവിളിച്ചത്. ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടന്ന പ്രചരണ റാലിയിലായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥിയുടെ വെല്ലുവിളി.
‘ചൈനയുമായി യുദ്ധം ആരംഭിച്ചാല്‍ അമേരിക്കക്ക് വിജയിക്കാനാവില്ലെന്നാണ് അവർ പുറത്തിറക്കിയ റിപ്പോർട്ട്. ഞങ്ങൾ വേണ്ടത്ര ശക്തരല്ലത്രേ… ലോകത്തിലെ ഏറ്റവും വലിയ സൈന്യമാണ് ഞങ്ങൾക്കുള്ളത്. നിങ്ങൾ അത്തരം റിപ്പോർട്ടുകൾ പുറത്തുവിടുന്നത് ശരിയല്ല, അവരെ തകര്‍ത്തുകളയാനുള്ള ശേഷി അമേരിക്കൻ സൈന്യത്തിനുണ്ട്’ – ഇങ്ങനെയാണ് ട്രംപ് പറഞ്ഞത്.
എന്നാൽ ഏത് റിപ്പോർട്ടാണ് താൻ പരാമർശിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയില്ല. ദേശീയ പ്രതിരോധ തന്ത്രത്തെക്കുറിച്ചുള്ള കമ്മീഷൻ ഈ വർഷം ആദ്യം ഒരു റിപ്പോർട്ട് നൽകിയിരുന്നു. അതില്‍, യുഎസ് സൈന്യത്തിന് യുദ്ധത്തിൽ പ്രതിരോധിക്കാനും ജയിക്കാനും കഴിയുമെന്ന ആത്മവിശ്വാസവും കഴിവുകളും ശേഷിയും ഇല്ലെന്നാണ് കമ്മീഷൻ പറയുന്നത്. കൂടാതെ പല തരത്തിലും ചൈന അമേരിക്കയെ മറികടക്കുകയും ചെയ്‌തതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണോ ട്രംപിന്‍റെ പരാമർശത്തിന് കാരണമെന്ന് സംശയമുണ്ട്.
അതേസമയം പ്രസിഡന്‍റ് ജോ ബൈഡന്‍റെയും വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെയും കീഴിൽ അമേരിക്കയോട് ലോകത്തിനുള്ള ബഹുമാനം ദുർബലപ്പെടുന്നുവെന്നും ട്രംപ് പറഞ്ഞു. ബൈഡനും ഹാരിസും ചേർന്ന് മൂല്യച്യുതി വരുത്തിയ അമേരിക്കയുടെ മഹത്വം താൻ വീണ്ടെടുക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. നമ്മൾ ജയിച്ചാൽ നമ്മുടെ ശത്രുക്കൾ ചിരിക്കില്ലെന്നും ട്രംപ് സൂചിപ്പിച്ചു. താൻ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുമെന്ന് 2016 ലെ ഡെമോക്രാറ്റിക് പാർട്ടി എതിരാളിയായിരുന്ന ഹിലരി ക്ലിന്‍റണ്‍ പറഞ്ഞിരുന്നു. എന്നാൽ 82 വർഷത്തിനിടെ, ഒരു വിദേശ സൈനിക ഇടപെടൽ പോലും നടത്താത്ത ആദ്യത്തെ പ്രസിഡന്‍റായിരുന്നു താനെന്നും ട്രംപ് വിവരിച്ചു. താന്‍ പ്രസിഡന്‍റായിരുന്നെങ്കിൽ റഷ്യ യുക്രൈനെയോ, ഹമാസ് ഇസ്രായേലിനെയോ ആക്രമിക്കില്ലായിരുന്നു എന്നും ട്രംപ് പറഞ്ഞു.