
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്‍റുമായി ഡോണൾഡ് ട്രംപിന്‍റെ പ്രചരണത്തിൽ പാർട്ടിക്കുള്ളിൽ അതൃപ്തിയെന്ന് റിപ്പോർട്ടുകൾ. കുടിയേറ്റക്കാരെ ‘കൂട്ട നാടുകടത്തൽ’ നടത്തുമെന്ന തരത്തിലുള്ള ട്രംപിന്‍റെ പ്രചരണം അമേരിക്കൻ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ വലിയൊരു വിഭാഗം പേരും കരുതുന്നതെന്നാണ് വ്യക്തമാകുന്നത്. വീണ്ടും അധികാരത്തിലേറിയാൽ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടത്തി ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ പുറത്താക്കുമെന്ന ഡൊണാൾഡ് ട്രംപിൻ്റെ പ്രചരണത്തിനിനെതിരെ റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ വിമർശനം ഉയർന്നു എന്നും വാർത്തകളുണ്ട്.
ടെക്സാസിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകയായ ലോറൻ ബി പെനയടക്കം വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കൂട്ട നാടുകടത്തലിനുള്ള ട്രംപിൻ്റെ ആഹ്വാനങ്ങൾ തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നാണ് അവർ പറഞ്ഞത്.