
റിപ്പബ്ളിക്കൻ എതിരാളിയും മുൻ യുഎൻ അംബാസഡറുമായ നിക്കി ഹേലിക്ക് എതിരെ വംശീയ പരാമർശവുമായി ഡൊണാൾഡ് ട്രംപ്. നിക്കിയുടെ മാതാപിതാക്കൾ ഇന്ത്യയിൽ നിന്ന് കുടിയേറിയവരാണ്. നിമറത നിക്കി രൺധാവ എന്നായിരുന്നു നിക്കിയുടെ മുഴുവൻ പേര്. നിമറത എന്ന പേരിനെ കളിയാക്കി നിമ്പ്ര , എന്നു പലതവണ അവരെ വിശേഷിപ്പിക്കുകയായിരുന്നു ട്രംപ്.
ട്രംപിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലാണ് ഈ പരാമർശം. ഹേലി എന്നത് നിക്കിയുടെ ഭർത്താവിന്റെ പേരാണ്. നിക്കി ഹേലിയുടെ ഇന്ത്യൻ ബന്ധവും അതു വഴി ഒരു യഥാർഥ അമേരിക്കക്കാരിയേക്കാൾ താഴെയാണ് എന്നും സൂചന നൽകുംവിധമായിരുന്നു ട്രംപിന്റെ നിമ്പ്ര വിളികൾ. ട്രംപിനെ സംബന്ധിച്ച് ഇത്തരം അധിക്ഷേപങ്ങൾ പുതിയ കാര്യമല്ല. തൻ്റെ എതിരാളികൾക്ക് എതിരെ നിരന്തരം വംശീയവും വർണ വെറി നിറഞ്ഞതുമായ പരാമർശങ്ങൾ നിർബാധം പ്രയോഗിക്കാൻ ഒരു മടിയുമില്ലാത്ത വ്യക്തിയാണ് ട്രംപ്. മുൻപ് ബരാക് ഒബാമയ്ക്ക് എതിരെയും ട്രംപ് ഈ വിധം പരാമർശം നടത്തിയിട്ടുണ്ട്.
എന്നാൽ ഈ ‘ശുദ്ധ അമേരിക്കൻ’ എന്ന പാരമ്പര്യം ട്രംപിന് അവകാശപ്പെടാനില്ല എന്നതാണ് സത്യം. ട്രംപിന്റെ മുത്തച്ഛൻ ജർമനിയിൽ നിന്ന് കുടിയേറിയ വ്യക്തിയായിരുന്നു. ട്രംപിന്റെ സ്വന്തം അമ്മയാകട്ടെ സ്കോട്ലൻഡിൽ നിന്നും വന്ന് അമേരിക്കയിൽ സ്ഥിര താമസമാക്കിയ വ്യക്തിയും. എന്നാൽ ഇവരെല്ലാം വെള്ളക്കാരാണ് എന്ന വർണവെറി നിറഞ്ഞ കാഴ്ചപ്പാട് പല യാഥാസ്ഥിതികരേയും പോലെ അലങ്കാരമാക്കുന്ന വ്യക്തിയാണ് ട്രംപ്.
അതേസമയം ട്രംപിന്റെ ഈ പരാമർശം നിക്കി ഹേലി കേട്ടതായി ഭാവിക്കുന്നില്ല. അമേരിക്കയിൽ വംശവെറി എന്നൊന്നില്ല എന്നാണ് അവരുടെ നിലപാട്. ഒരുപാട് തവണ ഇത്തരം വംശീയ അധിക്ഷേപങ്ങൾക്ക് പാത്രമായ വ്യക്തിയായിട്ടുകൂടി നിക്കി ഇത്തരം നിലപാട് സ്വീകരിക്കുന്നതിനെതിരെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്.
തൻ്റെ റിപ്പബ്ളിക്കൻ എതിരാളിയും ഫ്ലോറിഡ ഗവർണറുമായ റോൺ ഡിസാൻ്റിസിനെതിരെ ട്രംപ് ഒരുവിധ അധിക്ഷേപവും നടത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. അയോവ കോക്കസിൽ ഡിസാൻ്റിസായിരുന്നു രണ്ടാമത്. അദ്ദേഹം ഒരു അമേരിക്കക്കാരനാണ് എന്നതുകൊണ്ടു തന്നെ ട്രംപ് അയാളെ വിമർശിക്കാൻ മുതിരുന്നില്ല, എന്നത് തികച്ചും രാഷ്ട്രീയമാണ്. നിമ്പ്ര വിളികൊണ്ട് ട്രംപ് ലക്ഷ്യമിടുന്നത് വോട്ടാണ്.
വിവേക് രാമസ്വാമിക്കെതിരെയും വിമർശനം ഉയർത്തിയ ട്രംപ് അയാൾ മൽസരത്തിൽ നിന്ന് പിന്മാറിയപ്പോൾ മച്ചാനേ.. എന്നു വിളിച്ച് കെട്ടിപ്പിടിച്ചത് രണ്ടു ദിവസം മുന്നേയാണ്. താൻ മുന്നോട്ടു വയ്ക്കുന്നത് തീവ്ര അമേരിക്കൻ ദേശീയതയും വെള്ളക്കാരുടെ അപ്രമാദിത്വവുമാണ് എന്ന് ഓരോ നിമിഷവും വിളിച്ചു പറയുകാണ് ട്രംപ്.
Trump Mocks Nikki Haley’s first name