അപകീർത്തി കേസിൽ ട്രംപിന് തിരിച്ചടി: എഴുത്തുകാരി ജീൻ കരോളിന് 83.3 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി

എഴുത്തുകാരിയും പത്രപ്രവർത്തകയുമായ ഇ. ജീൻ കരോൾ നൽകിയ അപകീർത്തി കേസിൽ മുൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് എതിരെ കോടതി വിധി. 83.3 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ഇതൊരു സിവിൽ കേസാണ്. 10 മില്യൺ ഡോളറായിരുന്നു ജീൻ കരോൾ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുക. കോടതി അതിനേക്കാൾ ഏറെ വലിയ തുകയാണ് ശിക്ഷയായി വിധിച്ചത്. ജീൻ കരോളിനെ അപകീർത്തിപ്പെടുത്തും വിധമുള്ള ഒരു പ്രവൃത്തികളും പാടില്ലെന്നും കോടതി വിധിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇതേ കേസില്‍ കോടതി പുറപ്പെടുവിക്കുന്ന രണ്ടാമത്തെ വിധിയാണിത്. അഞ്ച് ദിവസത്തെ വിചാരണയ്ക്ക് ശേഷം മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

നേരത്തെ 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനായിരുന്നു കോടതിയുടെ ഉത്തരവ്. കൂടാതെ കരോള്‍ ആവശ്യപ്പെട്ടതിന്റെ എട്ട് മടങ്ങാണ് കോടതി വിധിച്ച തുകയെന്ന പ്രത്യേകതയുമുണ്ട്. ട്രംപ് നിരന്തരം സ്വീകരിക്കുന്ന അപകീര്‍ത്തിപരമായ നിലപാടുകള്‍ തിരുത്താന്‍ സഹായിക്കുന്ന തരത്തിലുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് കരോളിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

1990ല്‍ ബെര്‍ഗ്‌ഡോര്‍ഫ് ഗുഡ്മാന്‍ ഡ്രസ്സിംഗ് റൂമില്‍ വെച്ച് ട്രംപ് തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു ജീന്‍ കരോളിന്റെ ആരോപണം. എന്നാൽ കരോൾ നുണച്ചിയാണെന്നും അവരുടെ ഓർമക്കുറിപ്പ് വിറ്റുപോകാനാണ് ഇത്തരം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നത് എന്നും ട്രംപ് തിരിച്ചടിച്ചിരുന്നു. 2019ലും 2022ലും ട്രംപ് നടത്തിയ രണ്ട് പ്രസ്താവനകൾക്ക് എതിരെയാണ് കരോൾ പരാതി നൽകിയത്. ട്രംപിന്റെ പ്രസ്താവന ഒരു പത്രപ്രവർത്തക എന്ന നിലയിൽ തൻ്റെ വിശ്വാസ്യത തകർത്തു എന്നാണ് കരോൾ കോടതിയെ അറിയിച്ചത്.

വിധി വന്നശേഷം സന്തോഷവതിയായി കണപ്പെട്ട കരോൾ ‘ ഇത് എല്ലാ സ്ത്രീകളുടേയും വിജയമാണ് എന്ന് പ്രതികരിച്ചു. വിധികേട്ട് ക്ഷുഭിതനായ ട്രംപ് ആകട്ടെ വിധി അങ്ങേയറ്റം പരിഹാസ്യമാണെന്നും അപ്പീലുമായി മുന്നോട്ടുപോകുമെന്നും അറിയിച്ച് വേഗം സ്ഥലം വിട്ടു. അയോവ കോക്കസിലും ന്യൂഹാംഷേർ പ്രൈമറിയിലും വിജയിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ തയാറായിരിക്കുന്ന ട്രംപിന് ഈ വിധി അത്ര നല്ലതായിരിക്കില്ല.

Trump must pay $83.3m for defaming E Jean Carroll

More Stories from this section

family-dental
witywide