
വാഷിംഗ്ടണ്‍: കഴിഞ്ഞ തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പുതുക്കിയ കുറ്റപത്രത്തിലെ ആരോപണങ്ങള്‍ അന്ന് പ്രസിഡന്റ് ആയിരുന്ന ഡോണൾഡ് ട്രംപ് നിഷേധിച്ചു. വാഷിംഗ്ടണിലെ യു എസ് ഡിസ്ട്രിക്റ്റ് കോടതിയിലെ ഫയലിംഗിലാണ് നിലവിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി കൂടിയായ ട്രംപ് തനിക്കെതിരായ കുറ്റാരോപണങ്ങള്‍ നിഷേധിച്ചിട്ടുള്ളത്.
ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ തയ്യാറാകാതെ ട്രംപ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കഴിഞ്ഞയാഴ്ച പ്രത്യേക അഭിഭാഷകന്‍ ജാക്ക് സ്മിത്ത് പുതിയ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിലെ ആരോപണങ്ങളാണ് ട്രംപ് തള്ളിക്കളഞ്ഞത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ട്രംപ് സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കി.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ ട്രംപിനെതിരായ മുന്‍ ആരോപണങ്ങള്‍ മയപ്പെടുത്തി ഓഗസ്റ്റിലാണ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍പ്രസിഡന്റെന്ന നിലയില്‍ തിരഞ്ഞെടുപ്പു നടത്തിപ്പില്‍ പിഴവുകള്‍ സംശയിച്ചു ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഉന്നത ഉദ്യോഗസ്ഥന്‍ സംസ്ഥാനങ്ങള്‍ക്കു കത്തയയ്ക്കാന്‍ നീക്കം നടത്തിയതുവഴി ആ വകുപ്പിന്റെ നിയമനടത്തിപ്പ് അധികാരം ദുരുപയോഗം ചെയ്യാന്‍ ട്രംപ് ശ്രമിച്ചെന്ന പഴയ കുറ്റപത്രത്തിലെ ആരോപണഭാഗമാണ് പ്രധാനമായും നീക്കിയത്. മുന്‍ പ്രസിഡന്റിന് ക്രിമിനല്‍ പ്രോസിക്യൂഷനില്‍ നിന്ന് വിശാലമായ പ്രതിരോധം ഉണ്ടെന്ന് അടുത്തിടെയുള്ള സുപ്രീം കോടതി വിധി കണക്കിലെടുത്താണ് കുറ്റപത്രം മയപ്പെടുത്തിയത്. അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബറില്‍ കഴിയുന്നതുവരെ വിചാരണ വൈകിപ്പിക്കാനാണ് ട്രംപിന്റെ അഭിഭാഷകര്‍ ശ്രമിക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.















