‘അവസാനം സത്യം തെളിയും’, ലൈംഗികാതിക്രമ പരാതിയിൽ പ്രജ്വലിന്‍റെ ആദ്യ പ്രതികരണം

ബെംഗളുരു: ലൈംഗികാതിക്രമ പരാതിയിൽ ഹാസനിലെ സിറ്റിംഗ് എം പിയും എൻ ഡി എ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ ആദ്യമായി പ്രതികരിച്ച് രംഗത്തെത്തി. അവസാനം സത്യം തെളിയുമെന്നാണ് പ്രജ്വൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പ്രതികരിച്ചത്. അന്വേഷണവുമായി സഹകരിക്കാൻ ബെംഗളുരുവിൽ ഇല്ലെന്നും ഇക്കാര്യം അന്വേഷണ സംഘത്തെ അഭിഭാഷകൻ വഴി അറിയിച്ചെന്നും പ്രജ്വൽ കുറിച്ചിട്ടുണ്ട്. കമന്‍റ് ചെയ്യാൻ കഴിയാത്ത വിധം ആണ് പ്രജ്വലിന്‍റെ കുറിപ്പ്. വിദേശത്ത് നിന്നാണോ പോസ്റ്റ്‌ ചെയ്തത് അതോ പ്രജ്വലിന് വേണ്ടി ഇന്ത്യയിൽ നിന്ന് മറ്റാരെങ്കിലുമാണോ പോസ്റ്റ് ചെയ്തതെന്നതും വ്യക്തമല്ല. ഇക്കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതിനിടെ പ്രജ്വലിനും അച്ഛനും എം എൽ എയുമായ രേവണ്ണക്കും ഹാജരാകനായി പ്രത്യേകാന്വേഷണസംഘം സമൻസയച്ചിട്ടുണ്ട്. രാജ്യം വിട്ട പ്രജ്വലിനെ തിരികെയെത്തിക്കുന്ന കാര്യത്തിൽ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടാനൊരുങ്ങുകയാണ് എസ് ഐ ടി ഉദ്യോഗസ്ഥർ. ഇരകളാക്കപ്പെട്ട സ്ത്രീകളെ വിളിച്ച് വരുത്തി മൊഴിയെടുക്കുന്നതും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്. ഹൊലെനരസിപുര സ്റ്റേഷനിൽ റജിസ്റ്റർ ചെയ്യപ്പെട്ട ലൈംഗികപീഡനപ്പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രജ്വൽ രേവണ്ണയ്ക്കും അച്ഛൻ രേവണ്ണയ്ക്കും പ്രത്യേകാന്വേഷസംഘം സമൻസയച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് പ്രചരിച്ച ആയിരക്കണക്കിന് അശ്ലീലവീഡിയോകളിൽ വിശദീകരണം നൽകണമെന്നും സമൻസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Truth will prevail, NDA leader, Prajwal Revanna,obscene videos row,