
തൃശൂര്‍: തൃശൂരില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശി ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. വെളപ്പായയില്‍ വച്ചാണ് സംഭവം.
പതിവു ടിക്കറ്റ് പരിശോധനയ്ക്ക് എത്തിയ ടിടിഇ ടിക്കറ്റ് ചോദിച്ചതിന്റെ ദേഷ്യത്തിലാണ് അതിഥി തൊഴിലാളിയായ രജനീകാന്ത് എന്ന യാത്രക്കാരന്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. പ്രതി രജനീകാന്തിനെ പാലക്കാട് റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒഡിഷ സ്വദേശിയായ ഇയാള്‍ മദ്യപാനിയാണെന്ന് പൊലീസ് അറിയിച്ചു. വിനോദിന്റെ മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
എറണാകുളം-പട്ന എക്സ്പ്രസില്‍ എസ്11 കോച്ചിലാണ് സംഭവമുണ്ടായത്. വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയിരുന്നത്.
റിസര്‍വേഷന്‍ കോച്ചില്‍ ടിക്കറ്റില്ലാതെ ചില അന്യ സംസ്ഥാന തൊഴിലാളികള്‍ യാത്ര ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത വിനോദുമായി ഇവര്‍ തര്‍ക്കത്തിലായി.വാതിലിന് അടുത്തുനിന്നിരുന്ന രജനീകാന്തുമായി തര്‍ക്കം തുടരുന്നതിനിടെ ഇയാള്‍ വിനോദിനെ തൊഴിക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്. തീവണ്ടിയുടെ പുറത്തേക്ക് തെറിച്ചു വീണ ഇദ്ദേഹത്തിനുമേല്‍ തീവണ്ടി കയറിയിറങ്ങി. കോച്ചിലെ മറ്റു യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ പാലക്കാട്ട് വച്ച് പിടികൂടിയത്.