
ന്യൂയോർക്ക്: തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്കയും റഷ്യയുമടക്കമുള്ള ലോകരാജ്യങ്ങൾ രംഗത്ത്. അങ്കാറ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നാണ് അമേരിക്ക പറഞ്ഞത്. തങ്ങളുടെ സഖ്യ രാജ്യമായ തുർക്കിക്കെതിരായ ആക്രമണത്തെ ശക്തമായി നേരിടുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ വ്യക്താമാക്കി. ഭീകരാക്രമണത്തെ നേരിടാൻ ലോകം ഒറ്റക്കെട്ടായി നിൽക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. റഷ്യയും അങ്കോറ ഭീകരാക്രമണത്തെ ശക്തമായാണ് അപലപിച്ചത്. ഭീകരവാദത്തെ എല്ലാ അർത്ഥത്തിലും അപലപിക്കുന്നുവെന്നും കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ വേദനക്കൊപ്പമുണ്ടെന്നുമാണ് റഷ്യ വ്യക്തമാക്കിയത്.
അതിനിടെ അങ്കോറ ഭീകരാക്രമണത്തിന് പിന്നിൽ കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പി കെ കെ) യാണെന്ന് വ്യക്തമാക്കി തുർക്കി ശക്തമായ തിരിച്ചടിയും തുടങ്ങി. ഇറാഖിലെയും സിറിയയിലെയും കുർദിഷ് ശക്തികേന്ദ്രങ്ങളിലേക്ക് തുർക്കി വ്യോമാക്രമണം നടത്തി. വടക്കൻ ഇറാഖിലെയും സിറിയയിലെയും കുർദിഷ് കേന്ദ്രങ്ങൾക്കെതിരെ വ്യോമാക്രമണം നടത്തിയെന്നും വിഘടനവാദി ഗ്രൂപ്പായ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുമായി ബന്ധപ്പെട്ട 32 കേന്ദ്രങ്ങൾ വ്യോമസേന തകർത്തതായും തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഭീകരാക്രമണങ്ങളെ നേരിടാൻ ലോകം ഒപ്പം നിൽക്കണമെന്നും തുർക്കി അഭ്യർഥിച്ചിട്ടുണ്ട്.
അതേസമയം അങ്കാറയിലെ എയ്‌റോസ്‌പേസ് കമ്പനി ആസ്ഥാനത്ത് നടന്ന നടുക്കുന്ന ഭീകരാക്രമണത്തിൽ 5 പേർക്ക് ജീവൻ നഷ്ടമാകുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. തുർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസിന്റെ (ടുസാസ് ) പ്രവേശന കവാടത്തിന് ചുറ്റും രണ്ടുപേർ വെടിവെക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.