ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബയുടെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിലെ രണ്ട് മുന്‍നിര കമാന്‍ഡര്‍മാര്‍ ഒളിത്താവളമായി ഉപയോഗിച്ച വീട്ടില്‍ കുടുങ്ങി.
പുല്‍വാമയിലെ നെഹാമ മേഖലയില്‍ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സുരക്ഷാ സേനയും പോലീസും കോര്‍ഡണ്‍ ആന്‍ഡ് സെര്‍ച്ച് ഓപ്പറേഷന്‍ ആരംഭിച്ചപ്പോള്‍, ഭീകരര്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ താമസിക്കുന്നവരാണ് ഭീകരരായ റയീസ് അഹമ്മദും റിയാസ് അഹമ്മദ് ദാറും. ഏറ്റുമുട്ടലിനിടെയില്‍ ഇവര്‍ ഒളിച്ചിരുന്ന വീടിന് തീപിടിച്ചിട്ടുണ്ട്. വെടിവയ്പ്പ് നടക്കുന്നുണ്ടെന്നും ഇരുവശത്തും ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മെയ് ഏഴിന് ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ലഷ്‌കര്‍ പിന്തുണയുള്ള തീവ്രവാദ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ (ടിആര്‍എഫ്) സജീവ പ്രവര്‍ത്തകനായിരുന്ന ബാസിത് ദാറും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഉള്‍പ്പെടുന്നു.