എഎപി സഖ്യത്തെച്ചൊല്ലി തര്‍ക്കം; ഡല്‍ഹി കോണ്‍ഗ്രസ് വിട്ട് 2 നേതാക്കള്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി ഡല്‍ഹിയിലെ രണ്ട് നേതാക്കള്‍ രാജിവെച്ചു. മുന്‍ എം.എല്‍.എമാരും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നിരീക്ഷകരുമായ നീരജ് ബസോയയും നസീബ് സിംഗുമാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. പാര്‍ട്ടി വിട്ടതിന് കോണ്‍ഗ്രസിന്റെ എഎപി സഖ്യത്തെ പ്രധാനമായും കുറ്റപ്പെടുത്തിയാണ് ഇരുവരും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് രാജി കത്തുനല്‍കിയത്.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ വിഷമിച്ചാണ് പാര്‍ട്ടി വിടുന്നതെന്നും ഇത് ഡല്‍ഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ദിവസേന വലിയ അപകീര്‍ത്തിയും നാണക്കേടും ഉണ്ടാക്കുന്നുവെന്നും ആത്മാഭിമാനമുള്ള ഒരു പാര്‍ട്ടി നേതാവ് എന്ന നിലയില്‍ എനിക്ക് ഇനി പാര്‍ട്ടിയുമായി ബന്ധപ്പെടാന്‍ കഴിയില്ലെന്നുമാണ് ബസോയ വ്യക്തമാക്കിയത്. മാത്രമല്ല, കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരന് എല്ലാ അവസരങ്ങളും നല്‍കിയതിന് സോണിയാ ഗാന്ധിജിയോട് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തന്റേയും ഡല്‍ഹിയില്‍നിന്നുള്ള മറ്റ് നേതാക്കളുടേയും അഭിപ്രായം മാനിക്കാതെയാണ് ഹൈക്കമാന്‍ഡ് എ.എ.പിയുമായി സഖ്യമുണ്ടാക്കിയത്. ഇത് ഡല്‍ഹിയില്‍ പാര്‍ട്ടിയെ ഇല്ലാതാക്കും. പാര്‍ട്ടിയുടെ ആശയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ട് അപരിചിതരെയാണ് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലും നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലും സ്ഥാനാര്‍ഥികളാക്കിയത്. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ഥി, കോണ്‍ഗ്രസ് ടിക്കറ്റിലെ എ.എ.പിക്കാരനാണെന്നും നസീബ് സിങ് ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര നേതൃത്വവുമായുള്ള ശക്തമായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അരവിന്ദ് സിംഗ് ലൗലി ഡല്‍ഹി യൂണിറ്റ് മേധാവി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നുള്ള രണ്ട് രാജികളും ഉണ്ടായിരിക്കുന്നത്. മെയ് 25നാണ് ഡല്‍ഹി ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. ഈ സാഹചര്യത്തില്‍ ഡല്‍ഹി കോണ്‍ഗ്രസിലെ പ്രതിസന്ധി പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

More Stories from this section

family-dental
witywide