
മുംബൈ: ബോളിബുഡ് താരം സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത രണ്ട് ഷൂട്ടര്‍മാരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജില്‍ നിന്നാണ് രണ്ട് പ്രതികളെയും പിടികൂടിയതെന്ന് മുംബൈ പോലീസ് സ്ഥിരീകരിച്ചു. സല്‍മാന്‍ ഖാന്റെ ബാന്ദ്ര വെസ്റ്റിലുള്ള വസതിക്ക് നേരെയുണ്ടായ വെടിവെയ്പ്പിനുശേഷം രക്ഷപ്പെട്ട രണ്ട് പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി മുംബൈയിലേക്ക് കൊണ്ടുവരുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പില്‍, നടന്‍ താമസിക്കുന്ന ഗാലക്സി അപ്പാര്‍ട്ട്മെന്റിന് പുറത്ത് രണ്ട് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയും പിന്നീട് സ്ഥലത്ത് നിന്ന് ഓടിപ്പോകുകയുമായിരുന്നു. ഹെല്‍മറ്റ് ധരിച്ച് മുഖം മറച്ചുകൊണ്ട് ബൈക്കിലാണ് പ്രതികള്‍ സംഭവസ്ഥലത്ത് എത്തിയത്. നാല് റൗണ്ട് വെടിവെച്ചശേഷം ഇവര്‍ രക്ഷപെടുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ സല്‍മാനുമായി ഫോണില്‍ സംസാരിച്ചു. ഷിന്‍ഡെ മുംബൈ പോലീസ് കമ്മീഷണറുമായി ചര്‍ച്ച ചെയ്യുകയും നടന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഗുണ്ടാസംഘങ്ങളായ ലോറന്‍സ് ബിഷ്ണോയിയുടെയും ഗോള്‍ഡി ബ്രാറിന്റെയും ഭീഷണിയെത്തുടര്‍ന്ന് 2022 നവംബര്‍ മുതല്‍ സല്‍മാന്‍ ഖാന്റെ സുരക്ഷാ നിലവാരം വൈ-പ്ലസിലേക്ക് ഉയര്‍ത്തിയിരുന്നു. തോക്ക് കൈവശം വയ്ക്കാനും താരത്തിന് അനുമതി നല്‍കിയിട്ടുണ്ട്. മാത്രമല്ല, അധിക സുരക്ഷയ്ക്കായി പ്രത്യേക വാഹനത്തിലാണ് താരത്തിന്റെ യാത്ര.