നടുങ്ങി വെസ്റ്റേൺ വാഷ്ടിംഗ്ടൺ സർവകലാശാല, 24 മണിക്കൂറിനുള്ളിൽ ക്യാമ്പസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 2 വിദ്യാർഥികളെ; അന്വേഷണം

വാഷിംഗ്ടൺ: അമേരിക്കയെ നടുക്കുന്ന വാർത്തയാണ് വാഷിംഗ്ടണിലെ സർവകലാശാലയിൽ നിന്ന് പുറത്തുവന്നത്. 24 മണിക്കൂറിനിടെ കോളേജ് ക്യാമ്പസിൽ നിന്ന് 2 വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വെസ്റ്റേൺ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ ബുധനാഴ്ച രാത്രി റെസിഡൻസ് ഹാളിൽ നിന്ന് വീണ് മരിച്ച നിലയിലാണ് ഒരു വിദ്യാർഥിയെ കണ്ടെത്തിയത്. സംഭവത്തിന് മണിക്കൂറുകൾക്കിപ്പുറം വ്യാഴാഴ്ച രാവിലെ മറ്റൊരു വിദ്യാ‍ർഥിയെ യൂണിവേഴ്സിറ്റി കാമ്പസിലെ റസിഡൻസ് ഹാളായ അൽമ ക്ലാർക്ക് ഗ്ലാസ് ഹാളിന് സമീപത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വിദ്യാർഥികളുടെ മരണങ്ങൾ തമ്മിൽ ബന്ധമൊന്നുമില്ലെന്ന വിലയിരുത്തലിലാണ് യൂണിവേഴ്സിറ്റി അധികൃതർ. സംഭവം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും യൂണിവേഴ്സിറ്റി അധികൃതർ വിവരിച്ചു. വിദ്യാർഥികളുടെ വിവരങ്ങൾ സ്കൂൾ പുറത്തുവിട്ടിട്ടില്ല.

‘ഹൃദയം തകർക്കുന്ന ഈ രണ്ട് സംഭവങ്ങളിൽ ഞങ്ങളുടെ ഞെട്ടലും സങ്കടവും ഉൾക്കൊള്ളാൻ വാക്കുകൾക്ക് കഴിയില്ല, ഞങ്ങളുടെ ചിന്തകൾ ഞങ്ങളുടെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ടവരോടൊപ്പമുണ്ട്, അവരുടെ നഷ്ടങ്ങൾ അവരുടെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുന്നു. വിദ്യാർത്ഥികളുടെ കുടുംബങ്ങളെ അറിയിച്ചിട്ടുണ്ട്, അവർക്ക് തുടർന്നും പിന്തുണ നൽകും’ – എന്ന് വെസ്റ്റേൺ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി പ്രസിഡന്‍റ് സബ രന്ധാവ പ്രസ്താവനയിൽ പറഞ്ഞത്. ഈ കുടുംബങ്ങളുടെ അനുമതിയില്ലാതെ മരണത്തെക്കുറിച്ചും വിദ്യാർഥികളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ സർവകലാശാല പങ്കിടില്ലെന്നും രൺധാവ പറഞ്ഞു. പൊലീസും മെഡിക്കൽ എക്സാമിനർമാരും അവരുടെ അന്വേഷണം പൂർത്തിയാക്കുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെസ്റ്റേൺ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി ബെല്ലിംഗ്ഹാമിലാണ് സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ ഏറ്റവും വടക്കേയറ്റത്തെ സർവ്വകലാശാലയാണിത്. ഇവിടെ ഏകദേശം 14,747 വിദ്യാർത്ഥികളാണ് പഠിക്കുന്നത്.

More Stories from this section

family-dental
witywide