
തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് രണ്ടുപേര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് രൂപകല്‍പന ചെയ്ത ഇരു ചക്ര വാഹനങ്ങളില്‍ അമിത ഭാരം കയറ്റരുതെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. വലിയ വാഹനങ്ങളില്‍ കൊണ്ടുപോകേണ്ട സാധനങ്ങള്‍ ഒരു കാരണവശാലും ഇത്തരം ചെറിയ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടു പോകരുതെന്നാണ് ഫേസ്ബുക്കില്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പിലുള്ളത്.
ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ട സാധനങ്ങള്‍ ഇരുചക്ര വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോകുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടം എടുത്തുകാട്ടിയാണ് നിര്‍ദേശം. ചെറിയ സാമ്പത്തിക ലാഭത്തിനായി ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടു പോകേണ്ടുന്ന വസ്തുക്കള്‍ ഇത്തരത്തില്‍ മോട്ടോര്‍ സൈക്കിളില്‍ കയറ്റുന്നത് നിയവിരുദ്ധമാണും എന്ന് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
ബോഡിയുടെ ബാലന്‍സിങ് മോട്ടോര്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ഘടകമാണ്. മോട്ടോര്‍ സൈക്കിളില്‍ കയറ്റുന്ന, പ്രത്യേകിച്ചും വശങ്ങളിലേക്ക് തള്ളി നില്‍ക്കുന്ന വസ്തുക്കള്‍ സുരക്ഷിതമായ റൈഡിങ്ങിനെ പ്രതികൂലമായി ബാധിക്കുമെന്നും പോസ്റ്റ് വ്യക്തമാക്കുന്നു.