
തായ്വാനിലും ഫിലിപ്പൈന്‍സിലും വീശിയടിച്ച ഗേമി ചുഴലിക്കാറ്റില്‍ കപ്പലുകള്‍ മറിഞ്ഞ് അപകടം. അപകടത്തെുടര്‍ന്ന് എണ്ണ ചോര്‍ച്ച തടയാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതര്‍. തായ്വാനിലെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായ ഗേമിയില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
1.5 മില്യണ്‍ ലിറ്റര്‍ ഇന്ധനവുമായി പോയ കപ്പലാണ് ഫിലിപ്പൈന്‍സിന്റെ തലസ്ഥാനമായ മനിലയ്ക്കടുത്ത് മുങ്ങിയത്. ഇതോടെ വ്യാപകമായി എണ്ണ ചോരുന്നുണ്ട്. ഇത് തടയാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതര്‍. കപ്പലില്‍ നിന്നും ഏകദേശം നാല് കിലോമീറ്റര്‍ (2.5 മൈല്‍) വരെ എണ്ണ ചോര്‍ച്ചയുണ്ടായെന്നാണ് വിവരം. എന്നാല്‍ ഈ കണക്ക് ഇനിയും മാറിയേക്കാം എന്ന് വിദഗ്ദ്ധര്‍ പറയുന്നു.
അതേസമയം, ഗേമി ചുഴലിക്കാറ്റ് തായ്വാനില്‍ ആഞ്ഞടിച്ചതിനെതുടര്‍ന്ന് ഒരു ചരക്ക് കപ്പല്‍ അപകടത്തില്‍പ്പെടുകയും ഒമ്പത് ജോലിക്കാര്‍ വെള്ളത്തില്‍ വീണുപോയതായും റിപ്പോര്‍ട്ടുണ്ട്. ടാന്‍സാനിയയുടെ പതാക ഘടിപ്പിച്ച ചരക്ക് കപ്പലാണ് മുങ്ങിയത്. രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.