
യു കെയിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി പ്രധാനമന്ത്രി ഋഷി സുനക് അവതരിപ്പിച്ച ‘റുവാണ്ട മൈഗ്രേഷൻ ബിൽ’ കഴിഞ്ഞ ദിവസം അധോസഭയിൽ പാസായിരിക്കുകയാണ്. 276 നെതിരെ 320 വോട്ടുകൾക്കാണ് സഭ കുടിയേറ്റ വിരുദ്ധ ബിൽ പാസാക്കിയത്. രണ്ടുദിവസം നീണ്ടുനിന്ന ചൂടുപിടിച്ച ചർച്ചകൾക്കൊടുവിൽ പാസായിരിക്കുന്ന ബിൽ സുനക് മന്ത്രിസഭയുടെ അഭിമാന പ്രശ്നം കൂടിയായിരുന്നു. 2023 നവംബറിൽ ബില്ലിന് നിയമ സാധുതയില്ല എന്ന് ബ്രിട്ടൻ സുപ്രീംകോടതി വിധിച്ചതോടെയായിരുന്നു സുനക്കിന് തിരിച്ചടിയായത്. ഇതോടെ കോടതി വിധിയെ പാർലമെന്റിൽ നേരിടാമെന്ന ധൈര്യത്തിലായിരുന്നു ബ്രിട്ടീഷ് സർക്കാർ.
നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയമുറപ്പിക്കാൻ ഈ ബിൽ നടപ്പിലാക്കുന്നത് ഋഷി സുനക്കിന് നിർണായകമാണ്. ഈ ബിൽ പ്രകാരം, ബ്രിട്ടനിലേക്ക് അഭയാർഥികളായി വരുന്നവരെ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് പറഞ്ഞയക്കുകയും, അവിടെ നടക്കുന്ന അഞ്ചുവർഷത്തോളം നീണ്ട വിചാരണയിലൂടെ അഭയാർഥിത്വം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കുകയും ചെയ്യും. അഭയാർഥിത്വം ലഭിച്ചില്ലെങ്കിൽ അവർക്ക് റുവാണ്ടയിൽ തന്നെ തുടരാം. അതുമല്ലെങ്കിൽ സുരക്ഷിതമായ മറ്റേതെങ്കിലും ‘മൂന്നാം ലോക’രാജ്യത്തേക്കു മാറാം. 2022 ജനുവരി മുതൽ ബ്രിട്ടനിൽ അഭയാർഥികളായി വന്നവരെയെല്ലാം ഈ നിയമപ്രകാരം റുവാണ്ടയിലേക്ക് അയക്കാൻ സാധിക്കും.
അഭയാർഥികളായി ബ്രിട്ടനിലേക്ക് വരുന്നവരെ 4000 മൈലുകൾക്കപ്പുറമുള്ള മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നത് തന്നെ മനുഷ്യാവകാശലംഘനമാണെന്നാണ് സാമൂഹികപ്രവർത്തകർ ആരോപിക്കുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ഇതിലൂടെ ലംഘിക്കപ്പെടുമെന്നും, ഇത് ആധുനിക കാലത്തെ അടിമത്തമാണ് കാണിക്കുന്നതെന്നും വിമർശനങ്ങളുണ്ട്.
U.K. lawmakers pass a bill to send migrants to Rwanda