
- കഞ്ചാവ് വലിക്കുന്നതിനായി ഉപയോഗിച്ച ദ്വാരമിട്ട കുപ്പി, പപ്പായത്തണ്ട് എന്നിവയും പിടിച്ചെടുത്തു
ആലപ്പുഴ: കഴിഞ്ഞ ദിവസം തകഴിയില്‍ വെച്ച് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പിടിയിലായ 9 യുവാക്കള്‍ക്കെതിരെ എക്‌സൈസ് ചുമത്തിയത് 2 വകുപ്പുകള്‍. ആദ്യ രണ്ടു പ്രതികളായ എസ്. സച്ചിന്‍, മിഥുന്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കഞ്ചാവ് കൈവശം വച്ചതിനുള്ള എന്‍ഡിപിഎസ് ആക്ട് 20 (ബി) വകുപ്പും മറ്റ് 7 പേര്‍ക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിനുള്ള എന്‍ഡിപിഎസ് ആക്ട് 27 (ബി) വകുപ്പും ചുമത്തി. ജെറിന്‍, ജോസഫ്, സഞ്ജിത്ത്, അഭിഷേക്, ബെന്‍സണ്‍, സോജന്‍, കനിവ് എന്നിവരാണ് 3 മുതല്‍ 9 വരെ പ്രതികള്‍. യു.പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് കേസിലെ 9ാം പ്രതിയാണ്.
3 ഗ്രാം കഞ്ചാവുമായി ശനിയാഴ്ചയാണ് യുവാക്കളെ കുട്ടനാട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകന്‍ കനിവ് ഉള്‍പ്പെടെയാണ് പിടിയിലായത്. സംഭവം വാര്‍ത്തയായതോടെ മകനെ സംരക്ഷിക്കുന്ന നിലപാടെടുത്ത് എംഎല്‍എ രംഗത്തെത്തിയിരുന്നു. മകന്‍ തെറ്റു ചെയ്തിട്ടില്ലെന്നും തെറ്റായ വാര്‍ത്തയാണ് പുറത്തുവന്നതെന്നും തനിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചയുണ്ടെന്നും ഉള്‍പ്പെടെ പ്രതിഭ പറഞ്ഞിരുന്നു.
കഞ്ചാവിനു പുറമേ കഞ്ചാവ് കലര്‍ത്തിയ 500 മില്ലിഗ്രാം പുകയില മിശ്രിതം, കഞ്ചാവ് വലിക്കുന്നതിനായി ഉപയോഗിച്ച ദ്വാരമിട്ട കുപ്പി, പപ്പായത്തണ്ട് എന്നിവയും പ്രതികളില്‍ നിന്നു പിടിച്ചെടുത്തതെന്ന് എക്‌സൈസിന്റെ ക്രൈം ആന്‍ഡ് ഒക്കറന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, വിശദമായ റിപ്പോര്‍ട്ട് ഇന്നു കോടതിയില്‍ സമര്‍പ്പിക്കും.















