
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചൊവ്വാഴ്ച യുഡിഎഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാളത്തെ മണ്ഡലതല പ്രതിഷേധം.
ജനങ്ങളില്‍ ഭിന്നിപ്പും ഭീതിയുമുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമങ്ങളെ കോണ്‍ഗ്രസും യുഡിഎഫും ചെറുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നിയമം നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും വ്യാപകമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ഈ നിയമം അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരന് പ്രതികരിച്ചു. ജീവനുള്ള കാലത്തോളം നടപ്പിലാക്കാന്‍ അനുവദിക്കരുത്. മനുഷ്യനെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന നിയമമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം പുറത്തിറക്കിയത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ ഉടന്‍ സ്വീകരിച്ചു തുടങ്ങും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമം നടപ്പിലാക്കുമെന്ന് നേരത്തെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിച്ചിരുന്നു. 2019ലാണ് പൗരത്വഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയത്. നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.